Kerala
ന്യൂഡൽഹി: കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഭരണ മാറ്റത്തിനു പിന്നാലെയാണ് കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട നിലപാടിൽ സർക്കാർ മാറ്റം വരുത്തിയത്. കേരള സഹകരണ സംഘം നിയമത്തിലെ ഭേദഗതികൾ പിൻവലിക്കാനോ റദ്ദാക്കാനോ നിയമനടപടി സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
ജില്ലാ സഹകരണ ബാങ്കുകളെ സ്വതന്ത്രവും ജനാധിപത്യപരവുമായ സ്ഥാപനങ്ങളായി പുനഃസ്ഥാപിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ കേരള ബാങ്കുമായുള്ള ലയനവുമായി ബന്ധപ്പെട്ട കേസിലാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് സർക്കാർ അധിക സത്യവാംഗ്മൂലവും സമർപ്പിച്ചു.
എൽഡിഎഫ് സർക്കാരാണ് സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിച്ചത്. എന്നാൽ അന്നത്തെ യുഡിഎഫ് ഭരണസമിതിയിലായിരുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ലയനത്തിന് തയാറായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നതിനിടെയാണ് യുഡിഎഫ് സർക്കാർ സുപ്രീംകോടതിയിൽ പുതിയ നിലപാട് അറിയിച്ചത്.
സഹകരണ ബാങ്കിംഗ് മേഖലയിൽ ദേശീയതലത്തിലുള്ള ത്രിതല സംവിധാനം നടപ്പാക്കാനാണ് തീരുമാനമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിയമഭേദഗതികൾ പിൻവലിക്കുന്നതിലൂടെയോ റദ്ദാക്കുന്നതിലൂടെയോ ജില്ലാ സഹകരണ ബാങ്കുകൾക്ക് സ്വതന്ത്രമായ പ്രവർത്തനവും ജനാധിപത്യപരമായ ഭരണസംവിധാനവും ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Kerala
തിരുവനന്തപുരം: മുതിർന്ന പൗരന്മാരുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. മുതിർന്ന പൗരന്മാരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക, വീട്ടിൽ നിന്ന് ഇറക്കിവിടുക, സ്വത്ത് കൈക്കലാക്കാൻ ശ്രമിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് അവതരിപ്പിച്ചത്.
മൂന്ന് വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കുമെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്. കൈവശമുള്ള സ്വത്തോ മറ്റ് സാധനങ്ങളോ തട്ടിയെടുക്കാൻ ശ്രമിക്കുന്നതും സംരക്ഷണം നൽകാതെ ഉപേക്ഷിക്കുന്നതും ശിക്ഷാർഹമായ കുറ്റങ്ങളായി കണക്കാക്കും. ഒരു മുതിർന്ന പൗരനും ഒറ്റയ്ക്കായി പോകുന്നുവെന്ന തോന്നൽ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ മുഴുവൻ മുതിർന്ന പൗരന്മാരുടെയും വിവരങ്ങൾ സർക്കാരിന്റെ കൈവശമുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പരിചരണം ആവശ്യമുള്ളവരെ കണ്ടെത്തി ആവശ്യമായ സഹായവും സംരക്ഷണവും ഉറപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. വയോജനങ്ങൾക്ക് ആവശ്യമായ പരിചരണം നൽകുന്നതിനായി കെയർഗിവേഴ്സ് കോഴ്സുകളും ആരംഭിക്കും.
മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി രാജ്യത്ത് ആദ്യമായി പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാനമാണ് കേരളം. അവരുടെ പരിചരണവും അവകാശസംരക്ഷണവും ഉറപ്പാക്കുകയാണ് പ്രത്യേക നിയമത്തിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പുതിയ ബില്ലിന്റെ ഭാഗമായി മുതിർന്ന പൗരന്മാർക്ക് പൊലിസ് സ്റ്റേഷനുകളിൽ പ്രത്യേക പരിഗണന നൽകും.
അവരുടെ പരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേക ഉദ്യോഗസ്ഥരെയും നിയോഗിക്കും. വയോജനങ്ങൾക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിനായി അയൽപക്ക സൗഹൃദ ശൃംഖലയും രൂപീകരിക്കും. മുതിർന്ന പൗരന്മാർക്കുള്ള പരിചരണ കേന്ദ്രങ്ങൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
സ്വന്തം വീടുകളിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്ന വയോജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ സർക്കാർ ഒരുക്കും. കൂടാതെ മുതിർന്ന പൗരന്മാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാനാകുന്ന രീതിയിൽ പൊതുകെട്ടിടങ്ങൾ നിർമിക്കുന്നതിനും നടപടികളുണ്ടാകും. വയോജനങ്ങളുടെ സുരക്ഷ, പരിചരണം, അന്തസ്, അവകാശങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനുള്ള സമഗ്രമായ ചട്ടക്കൂടാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പുതിയ ബസുകൾ വാങ്ങാൻ എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകി. പൊതുഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർക്കാർ ഉത്തരവിറക്കിയത്. ഒരു നിയമസഭാ മണ്ഡലത്തിൽ പരമാവധി മൂന്ന് ബസുകൾ വരെ വാങ്ങാനാണ് അനുമതി.
ബസുകൾ അനുവദിക്കുന്ന മണ്ഡലങ്ങളിലെ യാത്രക്കാരുടെ ആവശ്യങ്ങൾക്കാണ് സർവീസുകളിൽ ആദ്യ പരിഗണന നൽകുക. തുടർന്ന് യാത്രാ ആവശ്യകത പരിഗണിച്ചായിരിക്കും ബസുകൾ വിന്യസിക്കുക. വാങ്ങുന്ന ബസുകളുടെ ഇരിപ്പിടശേഷി, ബോഡി തരം, ഇന്ധന വിഭാഗം തുടങ്ങിയ കാര്യങ്ങളിൽ എംഎൽഎമാർ സിഎംഡിയുമായി ചർച്ച നടത്തണം.
എംഎൽഎമാരിൽ നിന്ന് ഫണ്ട് ഉറപ്പാക്കുന്നതിനുള്ള നടപടികൾക്കും സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. നികുതിയും രജിസ്ട്രേഷൻ ചാർജും ഉൾപ്പെടെ ഒരു ബസിന് വരുന്ന ആകെ ചെലവ് വ്യക്തമാക്കുന്ന പട്ടിക 30നകം കെഎസ്ആർടിസി സിഎംഡി ജനപ്രതിനിധികൾക്ക് കൈമാറണം.
തുടർന്ന് ബസ് വാങ്ങുന്നതിനായി തങ്ങളുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള വിഹിതം അനുവദിച്ചുകൊണ്ടുള്ള നിർദേശം ഒക്ടോബർ 15നകം എംഎൽഎമാർ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് സമർപ്പിക്കണം. നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കി പുതിയ ബസുകൾ നിരത്തിലിറക്കുകയാണ് ലക്ഷ്യം.
Kerala
മലപ്പുറം: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പദ്ധതി നടപ്പാക്കരുതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ പറഞ്ഞു. യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സർക്കാരാണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതെന്നും അന്ന് ഏറ്റവും ശക്തമായി എതിർത്തത് യൂത്ത് ലീഗായിരുന്നുവെന്നും മുനവറലി തങ്ങൾ പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പിഎം ശ്രീ പദ്ധതി നടപ്പാകരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉപസമിതി രൂപീകരിച്ച് തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
ജനവികാരത്തിന് വിരുദ്ധമായ തീരുമാനം എടുത്താൽ യൂത്ത് ലീഗ് അപ്പോൾ നിലപാട് വ്യക്തമാക്കുമെന്നും മുനവറലി തങ്ങൾ പറഞ്ഞു. വോട്ട് ചെയ്ത ജനങ്ങൾക്ക് അനിഷ്ടമായ എന്തെങ്കിലും നടപടി ഉണ്ടായാലും അതിനെതിരെ പ്രതികരിക്കാൻ യൂത്ത് ലീഗ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ജനങ്ങൾക്കൊപ്പമല്ലെങ്കിൽ ജനങ്ങൾ ഭരണകൂടത്തിന് എതിരാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
അതേസമയം പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര സർക്കാരും പുതിയ നീക്കത്തിന് ഒരുങ്ങുകയാണ്. പദ്ധതി നടപ്പാക്കിയില്ലെങ്കിൽ സമഗ്ര ശിക്ഷ കേരള ഫണ്ട് ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയക്കും. അതേസമയം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിലും കോൺഗ്രസിലും ആശയക്കുഴപ്പം നിലനിൽക്കുകയാണ്.
യുഡിഎഫ് അധികാരത്തിലെത്തിയാൽ പിഎം ശ്രീ പദ്ധതി കടലിൽ എറിയുംമെന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പദ്ധതി നടപ്പാക്കാൻ നടത്തുന്ന നീക്കത്തിനെതിരെ മുന്നണിയിലും വിമർശനം ഉയരുന്നുണ്ട്.
Kerala
പത്തനംതിട്ട: സഹകരണ മേഖലയെ സമ്പൂർണമായി അഴിമതിമുക്തമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എം. ലിജു. സഹകരണ മേഖലയിൽ തട്ടിപ്പ് നടത്തുന്നവരെ അവർ ഏത് രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരായാലും ഓടിച്ചിട്ട് പിടിക്കുമെന്നും മന്ത്രി പറഞ്ഞു. സിപിഎം ആണെങ്കിലും യുഡിഎഫ് ആണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാർ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതി നടത്തുന്നവരെയും അതിന് കൂട്ടുനിൽക്കുന്നവരെയും വെറുതെ വിടില്ല. ഫോക്കസ് ചെയ്ത് നടപടി സ്വീകരിക്കേണ്ടവർക്കെതിരെ കൃത്യമായി നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കേരള ബാങ്ക് ആസ്ഥാനത്ത് വിജിലൻസ് പരിശോധനയുമായി ബന്ധപ്പെട്ടാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
സിസിടിവി കാമറ പർച്ചേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. പരാതി ലഭിച്ചാൽ അന്വേഷണം നടത്തേണ്ടതുണ്ട്. അന്വേഷണ റിപ്പോർട്ട് പുറത്തുവരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. സഹകരണ ബാങ്കുകളിലെ പ്രതിസന്ധി സംബന്ധിച്ച് കണക്കെടുത്തിട്ടുണ്ടെന്നും നഷ്ടമുണ്ടാകാനുള്ള കാരണങ്ങൾ പരിശോധിച്ചുവരികയാണ്.
ഡയറക്ടർ ബോർഡിന്റെയും ഉദ്യോഗസ്ഥരുടെയും അഴിമതിയാണ് പലപ്പോഴും നഷ്ടത്തിന് കാരണമാകുന്നത്. നിക്ഷേപകർക്ക് ജീവിതം തന്നെ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുത്. അഴിമതി നടത്തിയവരെയും അതിന് കൂട്ടുനിന്നവരെയും സർക്കാർ സംരക്ഷിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ നയങ്ങൾ ബിവറേജസ് കോർപറേഷൻ നഷ്ടത്തിലാക്കിയെന്ന് മന്ത്രി എം.ലിജു. കോർപറേഷന്റെ നഷ്ടം നികത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്നും ബെവ്കോയെ കൂടുതൽ പ്രൊഫഷണലൈസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബെവ്കോയുടെ ഉൽപ്പാദനവും വിൽപ്പനയും വർധിച്ചിട്ടും ലാഭമുണ്ടാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
ഗ്യാലനേജ് ഫീസ് അഞ്ച് പൈസയിൽ നിന്ന് പത്ത് രൂപയായി ഉയർത്തിയതോടെ ബെവ്കോയ്ക്ക് സർക്കാരിന് 400 കോടി രൂപ നൽകേണ്ടിവന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം. ഇതോടെ ലാഭം ഇല്ലാതാകുകയും റിസർവ് ഫണ്ടിൽനിന്ന് പണമെടുത്ത് നൽകേണ്ട സാഹചര്യമുണ്ടാകുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ഓണത്തിന് ശേഷം നടപടികൾ വേഗത്തിലാക്കും. ചർച്ചയ്ക്ക് ക്ഷണിക്കേണ്ടവരുടെ പട്ടിക തയാറാക്കിവരികയാണ്. സെപ്റ്റംബർ ആദ്യവാരത്തിൽ തന്നെ ചർച്ചകൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ലിജു പറഞ്ഞു.
ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ വകുപ്പുകളെ ഒഴിവാക്കിയ ധനവകുപ്പിന്റെ നടപടിയിലും മന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. സഹകരണ ബാങ്കുകൾ വഴി ക്ഷേമ പെൻഷൻ വിതരണം ചെയ്തപ്പോൾ ഭീമമായ നഷ്ടമുണ്ടായെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തൽ. അതിന്റെ അടിസ്ഥാനത്തിലാണ് സഹകരണ വകുപ്പിനെ ഒഴിവാക്കിയതെന്നും ലിജു പറഞ്ഞു. എന്നാൽ നിലവിലെ നടപടിക്രമം ശരിയാണെന്ന അഭിപ്രായം തനിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
Kerala
കൊച്ചി: മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് സർക്കാരിൽ ഒരു തരത്തിലുള്ള ആലോചനയും നടന്നിട്ടില്ലെന്നും മാധ്യമങ്ങളിലെ വാർത്തകൾ കണ്ടാണ് ഇക്കാര്യം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കെഎംആർഎൽ പുറത്തിറക്കിയത് ഏകപക്ഷീയമായ പത്രക്കുറിപ്പാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പറവൂരിൽ പുനർജനി പദ്ധതിയുടെ ഭാഗമായി വീടിന് തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സർക്കാർ എപ്പോഴും ജനങ്ങൾക്കൊപ്പമാണെന്നും ക്ഷേമ പെൻഷനുകൾ നേരത്തെ തന്നെ വിതരണം ചെയ്യുമെന്നും സതീശൻ പറഞ്ഞു. മെസി വിവാദവുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ ഉടൻ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, കൊച്ചി മെട്രോയെ കേരളം മെട്രോ എന്നാക്കാന് ലോക്നാഥ് ബെഹ്റ ശിപാര്ശ നല്കിയതില് വന് വിമര്ശനമാണ് ഉയരുന്നത്. കൊച്ചിയിലെ ഒരു ജനപ്രതിനിധിയോടും ചോദിക്കാതെയാണ് പേരു മാറ്റാനുള്ള ശിപാര്ശ മുന്നോട്ട് വച്ചത് എന്നാണ് ആക്ഷേപം. പേരു മാറ്റത്തിനെതിരെ ഹൈബി ഈഡന് എംപിയും മുന് എംപി കെ.വി. തോമസും മുഖ്യമന്ത്രിക്ക് കത്തയച്ചു.
ഈ പേര് മാറ്റം ഒരിക്കലും അംഗീകരിക്കാന് കഴിയുന്ന ഒന്നല്ല. പേര് മാറ്റാതെ തന്നെ കമ്പനിയുടെ സേവനം ആവശ്യക്കാര്ക്ക് നല്കുക എന്നതാണ് ഉചിതം. കൊച്ചി മെട്രോ റെയില് ലിമിറ്റഡ് എന്ന പേര് നിലവിലെയും ഭാവിയിലെയും കേരളമെമ്പാടും വ്യാപിക്കുന്ന വിപുലമായ പ്രവര്ത്തന മേഖലക്ക് അനുകൂലമല്ല എന്ന വിലയിരുത്തല് തെറ്റാണ്. അവധാനതയോടെ പരിഗണിക്കേണ്ട ഒരു പ്രശ്നത്തെ ചരിത്രബോധമില്ലാതെ ഇടപെട്ട് തിടുക്കത്തില് ഏകപക്ഷീയമായ തീര്പ്പുണ്ടാക്കാന് ശ്രമിക്കുന്നത് ആര്ക്കും അംഗീകരിക്കാനാവില്ല. പേര് മാറ്റം അനാവശ്യമാണ് എന്ന് ഹൈബി ഈഡന് കത്തില് പറയുന്നു.
കൊച്ചി മെട്രോയുടെ പേര് കൊച്ചിയുടേതായി തന്നെ നിലനില്ക്കണം. കേരള മെട്രോ റെയില് ലിമിറ്റഡ് എന്നാക്കി മാറ്റാനുള്ള എംഡിയുടെ നിര്ദേശം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്കിയിട്ടുണ്ട്. കൊച്ചി എന്നത് ഒരു നഗരത്തിന്റെ പേര് മാത്രമല്ല. കേരളത്തിന്റെ ചരിത്രത്തിലും സാംസ്കാരിക പൈതൃകത്തിലും നാഗരിക വളര്ച്ചയിലും ആഴത്തില് വേരൂന്നിയ പേരാണ് കൊച്ചി എന്ന് കെ.വി. തോമസ് വ്യക്തമാക്കുന്നത്.
കൊച്ചിയുടെ അഭിമാനമാണ് കൊച്ചി മെട്രോ പേര് മാറ്റരുത്, സംസ്ഥാനത്തില് ഒനനില് കൂടുതല് മെട്രോ പദ്ധതികള് വന്നാലും ഇല്ലെങ്കിലും സംസ്ഥാനത്തിന്റെ പേരിലേക്ക് മാറ്റണം എന്ന് നിയമം ഒന്നുമില്ല... എന്നിങ്ങനെ നിരവധി പ്രതികരണങ്ങള് സമൂഹമാധ്യമങ്ങളിലും ഉയരുന്നുണ്ട്.
Kerala
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ ഒരു ഉദ്യോഗസ്ഥനു കൂടി വീഴ്ച വരുത്തിയതായി എസ്ഐടി. മേൽനോട്ടം വഹിക്കേണ്ട ഉന്നത ഉദ്യോഗസ്ഥനും വീഴ്ച വരുത്തിയെന്നാണ് എസ്ഐടി കണ്ടെത്തൽ.
നികുതി വെട്ടിപ്പ് സംബന്ധിച്ച് ചാർജ് മെമ്മോ ലഭിച്ച മൂന്ന് ഉദ്യോഗസ്ഥർക്ക് പുറമേ ഒരാൾക്ക് കൂടി വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക റിപ്പോർട്ടിലെ കണ്ടെത്തൽ. ഇടപാടുകൾക്ക് ആദായ നികുതിയും അടച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്ഐടിയുടെ പ്രാഥമിക റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും.
സ്പോൺസർക്ക് സമൻസ് അയച്ചിട്ടും ഏഴ് മാസത്തോളം തുടർനടപടിയുണ്ടായില്ലെന്നും കോടികളുടെ നികുതി വെട്ടിപ്പ് ഗൗരവമായി പരിഗണിച്ചില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. മെസിയുടെ കേരള സന്ദർശനത്തിന്റെ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയിൽനിന്ന് 22.68 കോടി രൂപയുടെ നികുതി കുടിശിക ഈടാക്കുന്നതുമായി ബന്ധപ്പെട്ടാണ് നിലവിൽ അന്വേഷണം നടക്കുന്നത്.
ജിഎസ്ടി വകുപ്പ് നിയോഗിച്ച അഞ്ചംഗ സംഘമാണ് നികുതി വെട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തിയത്. അതേസമയം സംഭവത്തിൽ സമഗ്ര അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനും സർക്കാർ തീരുമാനിച്ചേക്കും. വിജിലൻസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകുമെന്നാണ് വിവരം.
സേവന നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന എസ്ഐടി അന്വേഷണത്തിന് പുറമെയായിരിക്കും ഈ അന്വേഷണം. മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ച് സമഗ്ര അന്വേഷണം നടത്താൻ നിർദേശം നൽകിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ഭരണം മാറിയിട്ടും സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കത്തിന് മാറ്റമില്ല. നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ നാല് മാസത്തിനുള്ളിൽ തന്നെ സർക്കാർ ആകെ ലക്ഷ്യമിട്ട കടമെടുപ്പിന്റെ 46.91 ശതമാനം എടുത്തുകഴിഞ്ഞു. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ 26,461.75 കോടി രൂപയാണ് സർക്കാർ കടമെടുത്തത്.
വരുമാനം വർധിച്ചെങ്കിലും അതിനേക്കാൾ വേഗത്തിൽ ചെലവ് ഉയരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ദീർഘകാല ആസ്തികൾ സൃഷ്ടിക്കുന്നതിനായി കടമെടുത്ത പണത്തിന്റെ വലിയൊരു ഭാഗം നിത്യചെലവുകൾക്കാണ് വിനിയോഗിക്കുന്നത്. ഇതോടെ സാമ്പത്തിക കമ്മിയും കടവും ബജറ്റിൽ കണക്കാക്കിയതിന്റെ പകുതിയോളം ആദ്യ നാലു മാസങ്ങൾക്കുള്ളിൽ തന്നെ എത്തിയിരിക്കുകയാണ്.
ഈ സാമ്പത്തിക വർഷം 56,413.06 കോടി രൂപയാണ് സർക്കാർ ആകെ കടമെടുക്കാൻ ലക്ഷ്യമിടുന്നത്. ഇതിന്റെ 46.91 ശതമാനവും ആദ്യ നാല് മാസത്തിനുള്ളിൽ തന്നെ സമാഹരിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലക്ഷ്യമിട്ട കടമെടുപ്പിന്റെ 47.08 ശതമാനം എടുത്തിരുന്നു. അതായത് സർക്കാർ മാറിയെങ്കിലും കടമെടുപ്പിന്റെ വേഗത്തിൽ കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല.
ആദ്യ നാല് മാസത്തെ കടമെടുപ്പിൽ 11,503.47 കോടി രൂപ ഏപ്രിലിൽ മുൻ സർക്കാരിന്റെ കാലത്താണ് എടുത്തത്. മേയ് മുതൽ ജൂലൈ വരെ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ബാക്കി 14,958.28 കോടി രൂപ കടമെടുത്തത്. അതേസമയം മുൻ വർഷത്തെ അപേക്ഷിച്ച് മൂലധന ചെലവ് ഉയർന്നത് മാത്രമാണ് സാമ്പത്തിക രംഗത്തെ ആശ്വാസകരമായ മാറ്റം.
Kerala
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില് നിന്നും വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്ക്കാര്. ദേശീയഗാനം മാത്രമാണ് മുഖ്യമന്ത്രിയുടെ പരിപാടിയില് ഉള്പ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി ദേശീയ പതാക ഉയര്ത്തി സല്യൂട്ട് സ്വീകരിച്ച ശേഷം ദേശീയ ഗാനം ആലപിക്കും. പിന്നീട് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നല്കുകയും ചെയ്യും.
വന്ദേമാതരം ആലപിച്ചില്ലെങ്കില് നിയമ നടപടി ഉണ്ടാകുമെന്ന് കോണ്ഗ്രസില് ആശങ്ക ഉണ്ടായിരുന്നു. വന്ദേമാതരം പൂര്ണമായി ആലപിക്കാനാണ് ചീഫ് സെക്രട്ടറി തദ്ദേശ സെക്രട്ടറിക്ക് നല്കിയ നിര്ദ്ദേശം. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇതുവരെ പിന്വലിച്ചിരുന്നില്ല. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ
സര്ക്കുലര് അടിസ്ഥാനമാക്കിയായിരുന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
എന്നാല് വന്ദേമാതരം പൂര്ണമായി ആലപിക്കേണ്ടെന്ന നിലപാടിലായിരുന്നു മന്ത്രിമാര്. ദേശഭക്തിഗാനമായി ഉയര്ത്തപ്പെട്ട വന്ദേമാതരം പൂര്ണമായും ആലപിച്ചില്ലെങ്കിൽ നിയമപ്രശ്നങ്ങള് ഉണ്ടാകുമെന്ന ആശങ്കയും സര്ക്കാരിന് മുന്നിലുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗതാഗത വകുപ്പ് പ്രത്യേക കർമ്മപദ്ധതിക്ക് രൂപം നൽകുന്നു. ഗതാഗത മന്ത്രി സി.പി. ജോണിന്റെ നേതൃത്വത്തിൽ റോഡ് സേഫ്റ്റി അതോറിറ്റി, പൊതുമരാമത്ത് ഫണ്ട് ബോർഡ്, നാറ്റ്പാക്ക്, ട്രാഫിക് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ എടുത്തത്.
അടുത്തകാലത്തായി നിരത്തുകളിൽ വാഹനങ്ങളുടെ പെരുപ്പം വൻതോതിൽ വർധിച്ചതിനാൽ സാധാരണക്കാർക്ക് റോഡ് മുറിച്ചുകടക്കുന്നത് കനത്ത വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഈ ഗൗരവമേറിയ സാഹചര്യം മുൻനിർത്തി റോഡുകളിലെ സീബ്ര ലൈനുകളുടെ വീതി അടിയന്തരമായി വർധിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി.
ഇതിന്റെ ഭാഗമായി ഒന്നിലധികം വരികളുള്ള പ്രധാന പാതകളിൽ റോഡിന്റെ മധ്യഭാഗത്തായി യാത്രക്കാർക്ക് സുരക്ഷിതമായി കാത്തുനിൽക്കാൻ സൗകര്യമൊരുക്കുന്ന 'പെഡസ്ട്രിയൻ ക്രോസിംഗ് റെസ്ക്യൂ സ്പോട്ട്' എന്ന സംവിധാനം നടപ്പിലാക്കും.
തിരുവനന്തപുരം നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളായ കിഴക്കേക്കോട്ട, സ്റ്റാച്യു എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ സുരക്ഷാ ക്രമീകരണങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത്. ഈ മാതൃകയുടെ വിജയവും പ്രായോഗികതയും വിലയിരുത്തിയ ശേഷം പദ്ധതി കേരളത്തിലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ പദ്ധതിയുടെ സമഗ്രമായ എസ്റ്റിമേറ്റ് തയാറാക്കുന്നതിനുള്ള ചുമതല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്പോർട്ട് ഡിസൈൻ ആൻഡ് റിസർച്ചിനെ (നാറ്റ്പാക്ക്) ഏൽപ്പിച്ചിട്ടുണ്ട്.
Sports
തിരുവനന്തപുരം: എറണാകുളത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം ആലുവ താലൂക്കിലെ ചെങ്ങമനാട് വില്ലേജിലുള്ള 10.1312 ഹെക്ടർ ഭൂമി തരംമാറ്റുന്നതിന് കൃഷിവകുപ്പ് അനുമതി നൽകി. കേരള സ്പോർട്സ് നയങ്ങളുടെ അടിസ്ഥാനത്തിൽ പദ്ധതിയെ പൊതു ആവശ്യമായി പരിഗണിച്ചാണ് നടപടി.
പാരിസ്ഥിതിക മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് സുസ്ഥിരമായ രീതിയിൽ നിർമിക്കുന്ന സ്റ്റേഡിയത്തിൽ ക്രിക്കറ്റിന് പുറമെ മറ്റ് കായിക ഇനങ്ങൾക്കുമുള്ള സൗകര്യങ്ങൾ ഉൾപ്പെടുത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ദേശീയ-അന്തർദേശീയ മത്സരങ്ങൾക്കും കായിക ടൂറിസത്തിനും വേദിയാകുന്നതിലൂടെ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയും കായിക അടിസ്ഥാന സൗകര്യങ്ങളും വലിയ കുതിച്ചുചാട്ടം നടത്തും.
അന്താരാഷ്ട്ര സ്റ്റേഡിയത്തിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് അപേക്ഷ സമർപ്പിച്ചത്. തുടർനടപടികൾ വേഗത്തിലാക്കുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഇടപെട്ടതോടെയാണ് പദ്ധതിക്ക് വേഗം കൂടിയത്.
Kerala
തിരുവനന്തപുരം: കൃഷിനാശം നേരിട്ട കർഷകർക്ക് പുനർകൃഷി നടത്തുന്നതിനായി പലിശരഹിത വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് വിവിധ ബാങ്കുകളുടെ പ്രതിനിധികളുടെ യോഗം വിളിച്ച് സർക്കാർ.
ഈ മാസം 11ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റ് അനക്സ് ലയം ഹാളിൽ ചേരുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. സഹകരണ മന്ത്രി എം. ലിജുവും യോഗത്തിൽ പങ്കെടുക്കും. കേരള ബാങ്ക്, നബാർഡ്, ഷെഡ്യൂൾഡ് ബാങ്കുകളുടെ പ്രതിനിധികൾ, സഹകരണ-ധനകാര്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സംസ്ഥാന കാർഷിക സഹകരണ ബാങ്കുകളുടെ പ്രതിനിധികൾ എന്നിവരുൾപ്പെടെ യോഗത്തിനെത്തും.
National
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ പൊളിച്ച് കേന്ദ്രം. പദ്ധതിയിൽനിന്ന് സംസ്ഥാനങ്ങൾക്ക് ഏത് സമയത്തും പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യാമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി വ്യക്തമാക്കി. അബ്ദുൾ വഹാബ്, വി. ശിവദാസൻ എന്നീ എം.പിമാരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് സംസ്ഥാന സർക്കാരിന്റെ വാദങ്ങളെല്ലാം കേന്ദ്രം പൊളിച്ചടുക്കിയത്.
പദ്ധതിയിൽ ഒപ്പുവെച്ചാൽ പിന്നീട് പിന്മാറാൻ കഴിയില്ലെന്നും ഫണ്ട് നഷ്ടപ്പെടുമെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ ഇതുവരെയുള്ള ന്യായീകരണം. എന്നാൽ ഫണ്ട് ഇതുവരെ കേരളത്തിന് അനുവദിച്ചിട്ടില്ലെന്നും എംഒയു ഒപ്പിട്ടിട്ടും സ്കൂളുകളുടെ പട്ടിക നൽകാത്തതിനാൽ കേരളത്തിന്റെ പേര് ഫണ്ട് ലഭിച്ച 35 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ലിസ്റ്റിൽ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി.
മാത്രമല്ല പദ്ധതി നടപ്പിലാക്കിയാൽ സംസ്ഥാന പാഠ്യപദ്ധതിയിൽ മാറ്റമുണ്ടാകില്ലെന്ന കേരളത്തിന്റെ വാദവും കേന്ദ്രം തള്ളി. ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരം കേന്ദ്ര സർക്കാർ നിർണയിക്കുന്ന ഘടന അനുസരിച്ചായിരിക്കും പാഠപുസ്തകങ്ങളും കാര്യങ്ങളും ഉൾപ്പെടുത്തേണ്ടി വരികയെന്നും കേന്ദ്രം ഔദ്യോഗികമായി അറിയിച്ചു. സർക്കാരിന്റെ അവകാശവാദങ്ങളെ പൂർണമായും ഖണ്ഡിക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ മറുപടി.
അതേസമയം പിഎം ശ്രീ പദ്ധതിയിൽ ഇളവ് കിട്ടുമെന്ന പ്രതീക്ഷയിലാണ് കേരളം. സംസ്ഥാന സിലബസ് പഠിപ്പിക്കാൻ മറ്റ് ചില സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയതിലാണ് കേരളം പ്രതീക്ഷ വെക്കുന്നത്. സ്കൂളുകളുടെ തെരഞ്ഞെടുപ്പിലും സംസ്ഥാന സർക്കാറിന് അനുവാദം കിട്ടുമെന്നാണ് കേരളം പ്രതീക്ഷ വെക്കുന്നത്. പി എം ശ്രീ പദ്ധതി സംബന്ധിച്ച് ചർച്ച ചെയ്യാൻ മന്ത്രിസഭ ഉപ സമിതി അന്തിമ യോഗം ഉടൻ ചേരും.
Kerala
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച ബജറ്റ് നടപടിയിൽ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബജറ്റ് പ്രഖ്യാപനത്തിന്റെ ഉദ്ധേശശുദ്ധിയെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവ് കർണാടകയിലെ സ്വകാര്യ മദ്യ കമ്പനിയെ സഹായിക്കാനാണ് ഈ തീരുമാനമെന്നും ആരോപിച്ചു.
എന്നാൽ ഈ വിഷയം സഭാനടപടികൾ നിർത്തിവച്ച ്അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നൽകിയില്ല. തുടർന്ന് പ്രതിപക്ഷം വാക്ക് ഔട്ട് നടത്തി സ്പീക്കറുടെ ഡയസ് വളഞ്ഞ് മുദ്രാവാക്യങ്ങൾ മുഴക്കി.
2023 ലാണ് ബക്കാഡി കമ്പനി സംസ്ഥാന നികുതി വകുപ്പിന് നികുതിയിളവിന് അപേക്ഷ നൽകിയത്. കഴിഞ്ഞ സർക്കാർ ഇക്കാര്യത്തിൽ തിടുക്കപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ല. എന്നാൽ പുതിയ സർക്കാർ അധികാരമേറ്റ ശേഷം ശരവേഗത്തിൽ ഫയൽ നീക്കമുണ്ടായി. ഏഴ് ഉദ്യോസ്ഥർ ശര വേഗതയിൽ ഫയൽ കണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. പുതിയ സർക്കാർ വന്ന ശേഷം ഫയൽ നീക്കത്തിലുണ്ടായത് അസാധാരണ വേഗമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റിയുള്ള വിശദവിവരങ്ങളടങ്ങിയ ധവളപത്രം പുറത്തിറക്കി സർക്കാർ. ധവളപത്രം മേശപ്പുറത്ത് വെച്ചതിന് പിന്നാലെ മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ വിയോജിപ്പ് അറിയിച്ചു.
ധവളപത്രം തയാറാക്കാൻ ഔദ്യോഗിക രേഖകൾ പുറത്ത് കൊടുത്തെന്നും അത് ക്രമവിരുദ്ധമാണെന്നും ബാലഗോപാൽ വിമർശിച്ചു. പുറത്തുനിന്നുള്ളവരെ ധവളപത്രം തയാറാക്കാൻ ഏൽപ്പിച്ചത് ശരിയല്ല. ഇത് സർക്കാർ പ്രവർത്തനത്തെ ആകെ തകിടം മറിക്കും. എജിക്ക് പോലും കൊടുക്കാത്ത കണക്ക് എങ്ങനെ പുറത്ത് കൊടുക്കും. അത് സത്യപ്രതിജ്ഞാവിരുദ്ധമാണെന്നും അദ്ദേഹം വിമര്ശിച്ചു.
പേടി ഇല്ലെന്ന് പറഞ്ഞ ബാലഗോപാൽ, ധവളപത്രം മേശ പുറത്ത് വെച്ചിട്ട് എന്ത് വിയോജിപ്പ് അറിയിക്കാനെന്നും ചോദിച്ചു. എന്നാൽ സ്പീക്കറുടെ അനുവാദം കിട്ടിയതിന് ശേഷമാണ് ധവളപത്രം മേശപ്പുറത്ത് വച്ചതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
ബാലഗോപാലിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ സാമ്പത്തിക ആരോഗ്യം എന്താണ് എന്നതാണ് രേഖ. ബജറ്റിൽ പ്രഖ്യാപിക്കുന്ന കാര്യങ്ങളാണ് ഈ രേഖകൾ. പരിശോധനയ്ക്ക് വിദഗ്ദരുടെ സഹായം തേടി. എന്നാല്, തയാറാക്കിയത് ധനവകുപ്പ് തന്നെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേഴ്സണൽ സ്റ്റാഫ് നിയമനങ്ങൾക്ക് തുടക്കമായി. മുതിർന്ന മാധ്യമപ്രവർത്തകൻ റോയ് മാത്യുവിനെ മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയായി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. മാധ്യമപ്രവർത്തകനായ സീജി ജി.എസിനെ പ്രസ് സെക്രട്ടറിയായും മുൻ ഭരണപരിചയമുള്ള ടി. ശ്രീകുമാറിനെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള കാര്യശേഷിയുള്ള ഉദ്യോഗസ്ഥരും വിരമിച്ച പ്രമുഖരും ഉൾപ്പെടെ 20 പേരുടെ ആദ്യഘട്ട പേഴ്സണൽ സ്റ്റാഫ് പട്ടികയ്ക്കാണ് ഇപ്പോൾ പൊതുഭരണ വകുപ്പ് അംഗീകാരം നൽകിയിരിക്കുന്നത്.
റോയ് മാത്യു (മീഡിയ സെക്രട്ടറി): ദീർഘകാലത്തെ ദൃശ്യ-അച്ചടി മാധ്യമപ്രവർത്തന പരിചയമുള്ള റോയ് മാത്യു, മുൻപ് വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന കാലയളവിലും അദ്ദേഹത്തിന്റെ മാധ്യമ വിഭാഗത്തിന് നേതൃത്വം നൽകിയിരുന്നു. സർക്കാരിന്റെ നയരൂപീകരണങ്ങളും വികസന നേട്ടങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഇദ്ദേഹത്തിന് മുഖ്യ ചുമതല.
സീജി ജി.എസ് (പ്രസ് സെക്രട്ടറി): മാധ്യമങ്ങളുമായുള്ള ദൈനംദിന ആശയവിനിമയങ്ങളും വാർത്താ ഏകോപനവും സീജി ജി.എസിന്റെ ചുമതലയിലായിരിക്കും. പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ടി. ശ്രീകുമാർ (സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി): സെക്രട്ടേറിയറ്റ് ഭരണത്തിലും ഫയൽ നീക്കങ്ങളിലും ദീർഘനാളത്തെ പരിചയസമ്പത്തുള്ള ടി. ശ്രീകുമാറിനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സുപ്രധാന ചുമതലകളിലൊന്നായ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്.
കടുത്ത സാമ്പത്തിക അച്ചടക്കം പാലിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് അധികാരമേറ്റ യുഡിഎഫ് സർക്കാർ, മുൻ സർക്കാരുകളുടെ കാലത്തെ അപേക്ഷിച്ച് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണത്തിൽ വലിയ നിയന്ത്രണം വരുത്തുമെന്നാണ് സൂചന. വരും ദിവസങ്ങളിൽ കൂടുതൽ നിയമന ഉത്തരവുകൾ പുറത്തിറങ്ങും.
Business
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2,800 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം 12ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്സൈറ്റ് (www.finance.kerala.gov.in) സന്ദർശിക്കുക.
Kerala
തിരുവനന്തപുരം: ഇടതു സർക്കാർ അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് ജനങ്ങളെ പൊറുതിമുട്ടിക്കുകയാണെന്നാരോപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ( കെഎസ്എസ്പിഎ) ആഭിമുഖ്യത്തിൽ മൂന്ന് മേഖലാ ജാഥകൾ നടത്തും.
മാർച്ച് ഒൻപതിന് ആരംഭിച്ച് 13ന് അവസാനിക്കുന്ന മേഖലാ ജാഥകൾ സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധൻ, ജനറൽ സെക്രട്ടറി ടി.എസ് . സലിം, ട്രഷറർ കെ.വി. മുരളി എന്നിവർ നയിക്കും.
സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്ന മൂന്നു മേഖലാ ജാഥകൾ കാസർഗോഡ്, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കും. സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ടി.എസ്. സലിം ഇതു സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിച്ചു.
യോഗത്തിൽ സംസ്ഥാന ട്രഷറർ കെ.വി മുരളി, സംസ്ഥാന ഭാരവാഹികളായ ടി.വിനയദാസ് , വി. എ. ലത്തീഫ്, ടി.വി. ഗംഗാധരൻ, എസ്. മധുസൂദനൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കോഴിക്കോട്: സംസ്ഥാനത്തെ ക്ഷീരമേഖലയുടെ സമഗ്ര വികസനവും ക്ഷീരകര്ഷകരുടെ ക്ഷേമവും മുന്നിര്ത്തി ക്ഷീര കര്ഷക കരട് നയം തയാറാക്കുന്നു. ഇതിന്റെ ഭാഗമായി ഉന്നതതല സമിതി രൂപവത്കരിച്ചു.
സര്ക്കാരിന്റെ കന്നുകാലി നയത്തിന്റെ മാതൃകയില് കരട് നയം എത്രയും വേഗം തയാറാക്കി സമര്പ്പിക്കാനാണു സമിതിക്കു ലഭിച്ചിരിക്കുന്ന നിര്ദ്ദേശം.
ക്ഷീരകര്ഷക കരടു നയത്തിന്റെ ഭാഗമായി വിവിധ തലങ്ങളില്നിന്ന് ക്ഷീരവികസന വകുപ്പ് ആശയങ്ങളും നിര്ദേശങ്ങളും സ്വരൂപിച്ചിരുന്നു. ഇത് ക്രോഡീകരിച്ചു രൂപപ്പെടുത്തിയ 17 ഇന നിര്ദേശങ്ങള് ഉന്നതതല സമിതി പരിശോധിച്ചാണ് കരട് നയം തയാറാക്കുക.
ക്ഷീരവികസന വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ചെയര്മാനായും ക്ഷീരവികസന വകുപ്പ് ഡയറക്ടര് കണ്വീനറായും പ്രവര്ത്തിക്കുന്ന സമിതിയില് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്, മില്മ എംഡി, കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്ഡ് മാനേജിംഗ് ഡയറക്ടര്, നാഷണല് ഡെയറി ഡെവലപ്മെന്റ് ബോര്ഡ് ദക്ഷിണ മേഖല വകുപ്പ് മേധാവി, കേരള വെറ്ററിനറി ആന്ഡ് അനിമല് സയന്സസ് യൂണിവേഴ്സിറ്റി ഡെയറി സയന്സ് വകുപ്പ് മേധാവി, തിരുവനന്തപുരം, എറണാകുളം, മലബാര് മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്മാര് എന്നിവരാണ് അംഗങ്ങള്.
പ്രധാന നിര്ദേശങ്ങള്
Kerala
മലപ്പുറം: തിരുവനന്തപുരം-കാസർഗോഡ് ആർആർടിഎസ് പദ്ധതി തള്ളി ഇ. ശ്രീധരൻ. പദ്ധതി സിമ്പിൾ വേസ്റ്റാണെന്നും കേരളത്തിൽ ഇത് പ്രായോഗികമല്ലെന്നും ആർആർടിഎസ് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്നും ശ്രീധരൻ പറഞ്ഞു.
അതിവേഗ റെയിൽവെയുമായി താരതമ്യം ചെയ്യുമ്പോൾ ആർആർടിഎസ് ഒരു സിമ്പിൾ വേസ്റ്റ് ആണ്. കേരളത്തില് പ്രായോഗികമല്ല. സർക്കാരിന് വേറെ ഉദ്ദേശ്യം ഉണ്ടോ എന്നറിയില്ല. അതിവേഗ റെയിൽവേ എന്നത് ഇടതു സർക്കാർ ആശയം തന്നെ ആണ്. അതിനാണ് ആദ്യം ജപ്പാനിൽ നിന്ന് ആളെ കൊണ്ട് വന്നത്.
ഇപ്പോൾ എന്താണ് ഇങ്ങനെ ഒരു മാറ്റം. മുഖ്യമന്ത്രിയോട് അതിവേഗ റെയിൽ പദ്ധതിയെപറ്റി ആദ്യം സംസാരിച്ചിരുന്നു. അദ്ദേഹം ചർച്ചയിൽ തൃപ്തി കാണിച്ചു. കേന്ദ്രത്തിനു കത്ത് എഴുതണം എന്ന് താൻ പറഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥർ വന്നു കാണുകയും ചെയ്തു. പക്ഷെ കത്തെഴുതാന് മാത്രം സിഎം തയാറയില്ല. അങ്ങനെയാണ് താൻ തന്നെ നേരിട്ട് ഇറങ്ങിയതെന്നും ഇ. ശ്രീധരന് പറഞ്ഞു
ആർആർടിഎസ് തെരെഞ്ഞടുപ് സ്റ്റണ്ട് മാത്രമാണ്. പ്രഖ്യാപനങ്ങൾ നടത്തിയാൽ പദ്ധതി വരില്ല. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം മാത്രമാണിത്. മാക്സിമം ചെങ്ങന്നൂർ - തിരുവനന്തപുരം റൂട്ടില് ആർആർടിഎശ് നടപ്പിലാക്കാം.
അതിന് അപ്പുറം വന്നാൽ വേഗം കുറയ്ക്കേണ്ടി വരും. ആർആർടിഎസ് ജനശ്രദ്ധ തിരിക്കാൻ കൊണ്ട് വന്നതാകാം. നടക്കാൻ പോണില്ല എന്ന് എല്ലാവർക്കും അറിയാം. സ്ഥലം ഏറ്റെടുക്കാൻ സർക്കാരിന്റെ സഹായം വേണം. സര്വേ നടത്താൻ സ്റ്റേറ്റ് സഹായം വേണ്ട. സ്ഥലം ഏറ്റെടുപ്പ് കുറച്ചു കഴിഞ്ഞായിരിക്കും. അപ്പൊ ആരൊക്കെ ഉണ്ടാകും?. ഈ സർക്കാർ ഉണ്ടാവുമോയെന്നും ഇ. ശ്രീധരന് ചോദിച്ചു.
Kerala
കൊച്ചി: വിവിധ മതങ്ങളിലെ കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള സ്ത്രീകൾക്കു സാമൂഹിക സുരക്ഷാ ആനുകൂല്യം ലഭ്യമാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി കെസിബിസി ജാഗ്രതാ കമ്മീഷൻ.
50 വയസിനു മേലുള്ള അവിവാഹിതരായ സ്ത്രീകൾക്കു നൽകുന്ന പെൻഷൻ, മഠങ്ങൾ, ഉപവിശാലകൾ, ആശ്രമങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്കു പെൻഷനുള്ള തടസങ്ങൾ നീക്കാനുള്ള തീരുമാനം സർക്കാർ സ്വീകരിച്ച സാഹചര്യത്തിൽ തുടർനടപടി വേഗത്തിലാക്കണമെന്ന് കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. കുറിപ്പ് ഇങ്ങനെ:
50 വയസിനു മേൽ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കു നൽകുന്ന പെൻഷന്റെ മാനദണ്ഡങ്ങളായി, GO (MS) 14/2001 എന്ന നമ്പറിൽ 31/03/2011 ൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം താഴെ പറയുന്ന ഘടകങ്ങൾ ഉൾപ്പെടുത്തിയിരുന്നു:
1. അപേക്ഷയുടെ പ്രായം 50 വയസിനു മുകളിൽ ആയിരിക്കണം.
2. അപേക്ഷക അവിവാഹിത ആയിരിക്കണം.
3. ഏതെങ്കിലും സാമൂഹ്യ സുരക്ഷാ പദ്ധതിയിൽനിന്ന് ആനുകൂല്യങ്ങൾ സ്വീകരിക്കുന്നവരാകരുത്.
4. അപേക്ഷകയെ സംരക്ഷിക്കാൻ ആരും ഉണ്ടാകരുത്. (No one of their to look after him/her).
5. No person shall be eligible if he/she resorts to habitual begging.
6. കെയറിംഗ് സ്ഥാപനങ്ങളിൽ (poor homes) വസിക്കുന്നവർക്ക് ഈ പെൻഷന് അർഹതയില്ല.
7. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടാൻ പാടില്ല.
8. അപേക്ഷക വസിക്കുന്ന പ്രദേശത്തെ തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങളിലാണ് അപേക്ഷ നൽകേണ്ടത്.
മുകളിൽ സൂചിപ്പിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് വിവിധ മതങ്ങളിലെ സന്യസ്തരായ സ്ത്രീകളെയും ഉപവിശാലകളിൽ കഴിയുന്ന വിവിധ മതങ്ങളിൽപ്പെടുന്ന സ്ത്രീകളെയും മറ്റും ഈ പെൻഷൻ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നില്ല. സന്യസ്ത ജീവിതം ഒരു സമൂഹ ജീവിതമാകയാൽ പരിചരണത്തിന് ആരെങ്കിലും ഉണ്ടാകും, സന്യാസ ഭവനങ്ങൾ ഉപവി സ്ഥാപനങ്ങൾ ആണ്, സാധാരണയായി സന്യാസ സമൂഹത്തിലെ ആരെങ്കിലുമൊക്കെ ഗവൺമെന്റ് ശമ്പളം കൈപ്പറ്റുന്നവരാണ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് ഈ സ്കീമിൽനിന്നു സന്യസ്തരെ ഇതുവരെ ഒഴിവാക്കിയിരുന്നത്.
മാത്രവുമല്ല, 2021 ജൂലൈ 28 നും 2023 ഫെബ്രുവരി 27 നും ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവനുസരിച്ച് (5171/2021/Fin; G0. No. 30/2023/Fin) മിഷണറികൾ, മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്ന സന്യാസിമാർ, പുരോഹിതർ, വൈദികർ, കോൺവെന്റുകളിലെ കന്യാസ്തികൾ, മഠങ്ങളിലെ / മത സ്ഥാപനങ്ങളിലെ അന്തേവാസികൾ എന്നിവർക്കു സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയില്ലായെന്നും ആരെങ്കിലും പെൻഷൻ കൈപ്പറ്റുന്നുവെങ്കിൽ അവരെ ഗുണഭോക്തൃ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നും നീഷ്കർഷിച്ചിരുന്നു.
അന്യായമായ മുൻ ഉത്തരവുകൾ റദ്ദാക്കാനും ന്യായമായ അവകാശങ്ങൾ അർഹർക്ക് ലഭ്യമാക്കുന്നതിനുള്ള തടസങ്ങൾ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചു എന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതു സ്വാഗതാർഹമാണ്. കേവലമൊരു പ്രഖ്യാപനം എന്നതിലുപരി, തടസങ്ങൾ നീക്കുന്ന പ്രായോഗിക നടപടികൾ സർക്കാർ വരുംദിവസങ്ങളിൽ പ്രാബല്യത്തിൽ വരുത്തണം.
നിഷേധിക്കരുത്
സമർപ്പിത ജീവിതം നയിക്കുന്നു എന്ന കാരണത്താൽ പൗരന്മാർക്ക് അർഹമായ പല ആനുകൂല്യങ്ങളും സന്യസ്തർക്കു നിഷേധിക്കപ്പെട്ടിട്ടുണ്ട്. റേഷൻ കാർഡ് പോലും ഈ അടുത്ത കാലത്താണ് ലഭ്യമായി തുടങ്ങിയത്. മതം, ജീവിതാന്തസ് തുടങ്ങിയവ പരിഗണിക്കാതെ എല്ലാ സർക്കാർ ആനുകൂല്യങ്ങളും അർഹതയുള്ള എല്ലാ പൗരന്മാർക്കും ലഭ്യമാക്കുക എന്നത് സർക്കാർ ഉറപ്പാക്കേണ്ട ഒരു നയമാണ്. അത്തരം ഒരാവശ്യം നിരന്തരമായി സർക്കാരിനു മുന്നിൽ അവതരിപ്പിച്ചിട്ടുള്ളതുമാണ്.
സ്ഥിരവരുമാനം ഇല്ലാത്ത, സർക്കാർ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ സ്വീകരിക്കാത്ത അവിവാഹിതരായ ഏതൊരു സ്ത്രീക്കും അർഹതയുള്ള ഒരു പദ്ധതിയാണിത്.
വ്യാജപ്രചാരണം അരുത്
അതിൽ അനർഹമായി കന്യാസ്ത്രീകളെയും ഉൾപ്പെടുത്തി എന്ന തരത്തിലുള്ള വ്യാപക പ്രചാരണം ചില തലങ്ങളിൽ നടന്നുവരുന്നതു ഗൂഢലക്ഷ്യങ്ങളോടുള്ളതാണ് എന്ന് ഇതോടൊപ്പം സംശയിക്കേണ്ടിയിരിക്കുന്നു.
എല്ലാ മതങ്ങളിലുമുള്ള അർഹരായ സന്യസ്തർക്കുകൂടി ലഭ്യമാകുന്ന രീതിയിൽ പുനഃക്രമീകരണം നടത്തപ്പെടുന്ന അവിവാഹിത സ്ത്രീകൾക്കുള്ള പെൻഷൻ പദ്ധതിയെ - കന്യാസ്ത്രീകൾക്ക് അനർഹമായി സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നു - എന്ന തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള പ്രചാരണങ്ങളും അവകാശവാദങ്ങളും ബാലിശവും ജനാധിപത്യ ചൈതന്യത്തിന് വിരുദ്ധവുമാണ്. മാത്രവുമല്ല, ക്രൈസ്തവ സമർപ്പിതരുടെ സാമൂഹിക സേവനങ്ങളെ തമസ്കരിച്ച്, അവരെ കേവലം മതപ്രവർത്തകരായി മാത്രം ചിത്രീകരിക്കാനുള്ള നീക്കങ്ങളും സഭ സന്യസ്തരെ സംരക്ഷിക്കുന്നില്ല എന്നുള്ള അടിസ്ഥാനരഹിതമായ വാദങ്ങളും ഈ വിവാദങ്ങൾക്കിടയിൽ ചിലർ പ്രചരിപ്പിക്കുന്നത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും കുറിപ്പിൽ പറയുന്നു.
Kerala
കൊച്ചി: കശുവണ്ടി വികസന കോര്പറേഷന് അഴിമതിക്കേസില് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന് അനുമതി നിഷേധിച്ചതില് സംസ്ഥാന സര്ക്കാരിനെതിരേ രൂക്ഷവിമര്ശനവുമായി ഹൈക്കോടതി.
തെറ്റ് തിരുത്താന് സര്ക്കാരിന് അവസരം നല്കിയിട്ടും പഴയ അവസ്ഥയിലാണ്. സര്ക്കാര് നിലപാട് കോടതിയോടുള്ള അനാദരവാണെന്നും നടപടികളില് കോടതിയലക്ഷ്യമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: മന്ത്രിസഭാംഗങ്ങളെ കബളിപ്പിച്ച ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
110 സീറ്റ് നേടുമെന്ന് പറയുന്ന എൽഡിഎഫ്, ഓടുന്ന വഴിയിൽ പുല്ല് പോലും മുളയ്ക്കില്ലെന്ന് പരിഹസിച്ച പ്രതിപക്ഷ നേതാവ് എൽഡിഎഫിന്റെ കേന്ദ്രസർക്കാർ വിരുദ്ധ സമരത്തെയും പരിഹസിച്ചു.
സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയിൽ ധവളപത്രമിറക്കാൻ സർക്കാരിനെ വെല്ലുവിളിക്കുകയാണ്. കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ എൽഡിഎഫ് തകർത്തു. തകർന്ന കേരളത്തെ തിരിച്ചുകൊണ്ടുവരാൻ യുഡിഎഫിന് വ്യക്തമായ പദ്ധതി ഉണ്ട്.
ആരോഗ്യകേരളത്തെ വെന്റിലേറ്ററിൽ നിന്ന് തിരിച്ചുകൊണ്ടുവരും. ജനം യുഡിഎഫിനെ കാണുന്നത് രക്ഷകരായാണ്. മുഖ്യമന്ത്രി സമരത്തിൽ ഇരിക്കുന്നത് തമാശയാണ്. ആരെ കളിയാക്കാനാണ് സമരം?. ഡൽഹിയിൽ പോയാൽ അമിത ഷായും മോദിയും പറയുന്നിടത്ത് ഒപ്പിടുന്ന ആളാണ് മുഖ്യമന്ത്രി. അവർക്ക് മുന്നിൽ 90 ഡിഗ്രി കുനിഞ്ഞ് നിൽക്കുന്നയാളാണ് മുഖ്യമന്ത്രി.
പിഎം ശ്രീയിൽ ഡൽഹിയിൽ പോയി ഒപ്പുവച്ച്, സ്വന്തം ക്യാബിനറ്റിലെ സഹപ്രവർത്തകരെ കബളിപ്പിച്ച ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഭരണവിരുദ്ധ വികാരം ഇനി പ്രതിഫലിക്കാൻ പോകുന്നതേ ഉള്ളൂ. ജനം എല്ലാം ഓർത്തിരിക്കണം. ഏറ്റവും കൂടുതൽ വോട്ട് യുഡിഎഫിന് കിട്ടാൻ പോകുന്നത് ഇടത് സർവീസ് സംഘടനകളിൽ നിന്നായിരിക്കുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Kerala
കൊച്ചി: സർക്കാർ കോടികൾ ചെലവഴിച്ച് വികസന കാര്യങ്ങൾക്ക് ജനാഭിപ്രായം തേടാനെന്ന വ്യാജേന തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്താണ് ഈ നീക്കമെന്നും സ്വന്തം പാർട്ടിക്കാരെ വോളണ്ടിയർമാരാക്കി സർക്കാരിൽ നിന്ന് ശമ്പളം നൽകി ഇതുവരെയുള്ള സർക്കാരിന്റെ നേട്ടങ്ങൾ ലഘുലേഖകളാക്കി ജനങ്ങൾക്ക് നൽകിക്കൊണ്ട് തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാരും എൽഡിഎഫും തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നതിൽ വിരോധമില്ല. എന്നാൽ സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്ത് ഇത് നടത്തേണ്ട. ഏതറ്റം വരെയും നിയമപോരാട്ടം നടത്തി ഈ പണം പാർട്ടിക്കാരെക്കൊണ്ട് തിരിച്ചടപ്പിക്കും.
പത്ത് കൊല്ലം ഭരിച്ചിട്ട് ഇനിയാണോ ജനങ്ങളോട് വികസനകാര്യത്തിൽ അഭിപ്രായം ചോദിക്കാൻ പോകുന്നത്?. ഇതുവരെയുള്ള സർക്കാരിന്റെ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിന് പാർട്ടിക്കാരെ പങ്കെടുപ്പിച്ച് കൊണ്ടാണ് ഇത് നടത്തുന്നത്. പാർട്ടിക്കാരെ പങ്കെടുപ്പിക്കണമെന്ന് സിപിഎം കത്ത് നൽകിയിട്ടുണ്ട്. അതിന് തെളിവുണ്ട്.
തദ്ദേശ സ്ഥാപനങ്ങളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്താൻ സിഐടിയുവും കത്ത് നൽകിയിട്ടുണ്ട്. ഇത് മന്ത്രിയും വകുപ്പിലെ അധികാരികൾക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഈ പരിപാടിയും നടക്കില്ല.
കോടതി ഉത്തരവ് അനുസരിച്ച് താത്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്താനാവില്ല. ഒരുപാട് താത്കാലിക ജോലിക്കാരുണ്ട്. പാർട്ടിക്കാരെ ഖജനാവിൽ നിന്ന് പണമെടുത്ത് സഹായിക്കാൻ സിപിഎം നടത്തുന്ന ശ്രമമാണിത്.
ഈ പരിപാടികളിൽ നിന്ന് പിന്മാറണമെന്ന് വിനയപൂർവം മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്നു. ഇല്ലെങ്കിൽ നിയമപരമായും രാഷ്ട്രീയമായും ആ പണം പാർട്ടിക്കാരെ കൊണ്ട് തിരിച്ചടപ്പിക്കും.-വി.ഡി. സതീശൻ പറഞ്ഞു.
Kerala
കൊച്ചി: ഭിന്നശേഷി സംവരണ വിഷയത്തിൽ സ്കൂൾ മാനേജ്മെന്റുകളെയും അധ്യാപകരെയും സർക്കാർ വഞ്ചിക്കുകയാണെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ.
വിഷയത്തിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സഭാ അധ്യക്ഷർക്കും പൊതുവിദ്യാഭ്യാസ രംഗത്തെ അധ്യാപകർക്കും കൊടുത്തത് പാലിക്കപ്പെടാത്ത ഉറപ്പ് മാത്രമെന്നു കരുതേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
നിയമനാംഗീകാരം തടയപ്പെട്ട 16,000 ത്തോളം അധ്യാപകരുടെ നിയമനക്കുരുക്ക് അഴിക്കുന്നതിനു നടന്ന പ്രതിഷേധങ്ങളിലുയർത്തിയ ആവശ്യങ്ങൾ, മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസ വകുപ്പും തന്ത്രപൂർവം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.
എൻഎസ്എസിനു നൽകിയ സുപ്രീം കോടതി ഉത്തരവിൽ പറയുന്ന പ്രകാരം ഭിന്നശേഷി തസ്തികകൾ ഒഴിച്ചിട്ടിട്ടുള്ള, സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും ഏജൻസികൾക്കും നിയമനാംഗീകാരം നൽകാനുതകുന്ന സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയാണു വേണ്ടത്.
ഇതിനു പകരം, നീണ്ട കോടതി വ്യവഹാരങ്ങളിലേക്ക് ഈ പ്രശ്നത്തെ വീണ്ടും വലിച്ചിഴച്ചത് ഉദ്ദേശ്യശുദ്ധിയോടെ ആണെന്നു കരുതാനാവില്ല. നിലവിലുള്ള സാഹചര്യത്തിൽ ലളിതമായി പ്രശ്നം പരിഹരിക്കാമെന്നിരിക്കേ വിഷയത്തെ കൂടുതൽ സങ്കീർണമാക്കി, നിയമനത്തിനു കൂടുതൽ കാലതാമസം വരുത്താനുള്ള സർക്കാരിന്റെ തന്ത്രം, വിദ്യാഭ്യാസ, മനുഷ്യാവകാശ നീതി നടപ്പിലാക്കാനുള്ള ആത്മാർഥതയില്ലായ്മയായി കണക്കാക്കണം.
പൊതുവിദ്യാഭ്യാസ രംഗത്തെ ശ്വാസം മുട്ടിക്കുന്ന നിലപാട് തിരുത്താൻ സർക്കാർ തയാറാകണം. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ അധ്യാപകരും മറ്റു സമാന സ്വഭാവമുള്ള സർക്കാരിന്റെ നീതി നിഷേധത്തിൽ ബുദ്ധിമുട്ടുന്ന സംഘടനകളുമായി ഒരുമിച്ച് വീണ്ടും അതിശക്തമായ സമരമാർഗങ്ങളിലൂടെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
പൊതുവിദ്യാഭ്യാസ രംഗത്തെ ദുർബലപ്പെടുത്തുന്ന ഈ വിഷയത്തിൽ മുഖ്യമന്ത്രിയും വിദ്യഭ്യാസമന്ത്രിയും അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണം. ഇല്ലെങ്കിൽ അടുത്ത തലമുറയെ വാർത്തെടുക്കുന്ന അധ്യാപകർ നീതി നിഷേധത്തിനെതിരേ ശക്തമായി പ്രതികരിക്കും.
നീതി നടപ്പാക്കാൻ കഴിയാത്ത ഭരണാധികാരികളെ താഴെയിറക്കാൻ നീതി നിഷേധിക്കപ്പെട്ട അധ്യാപകർ കെൽപ്പുള്ളവരാണെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി, സെക്രട്ടറി ഫാ. ആന്റണി വി. അറയ്ക്കൽ എന്നിവർ വ്യക്തമാക്കി.
NRI
റിയാദ്: സ്ഥിരം നേറ്റിവിറ്റി സർട്ടിഫിക്കറ്റ് കൊണ്ടുവരാനുള്ള തീരുമാനം കേരള സർക്കാറിന്റെ ഇച്ഛാശക്തിയുടെ മറ്റൊരു ഉദാഹരണമാണെന്ന് മാധ്യമ പ്രവർത്തകൻ ഡോ. അരുൺ കുമാർ. റിയാദിൽ കേളി സംഘടിപ്പിച്ച ലിറ്ററേറ്ററി ഫെസ്റ്റിവലിന്റെ ഭാഗമായി മുഖാമുഖത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഭരണഘടന, ജനാധിപത്യ മൂല്യങ്ങൾ, മാധ്യമങ്ങൾ' എന്ന വിഷയത്തിൽ അരുൺ കുമാറുമായി എം. എം. നയീം സംവദിച്ചു. നമ്മൾ അഭിമാനം കൊള്ളുന്ന സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നിവയ്ക്ക് യാതൊരു പ്രാധാന്യവും നിലവിൽ പൗരന് ലഭിക്കുന്നില്ലെന്നും നിയമപരമായി അയിത്തം നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും രാജ്യത്തിന്റെ പലയിടത്തും രഹസ്യമായും പരസ്യമായും ഈ അവസ്ഥ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന തന്നെ ഭീഷണികൾ നേരിടുന്ന കാലമാണിതെന്നും ന്യൂനപക്ഷങ്ങൾ അരക്ഷിതരാകുന്ന സാഹചര്യത്തിൽ മതത്തിന്റെയും ജാതിയുടെയും പേരിൽ ഒറ്റയായും കൂട്ടമായും മനുഷ്യർ കൊല്ലപ്പെടുന്നു എന്നും അരുൺ കുമാർ കൂട്ടിച്ചേർത്തു.
മാധ്യമ സ്വാതന്ത്ര്യത്തിൽ നമ്മുടെ അവസ്ഥ വളരെ പരിതാപകരമാണ്. ആഗോളതലത്തിൽ181 നമ്മൾ 151-ാം സ്ഥാനത്ത് എത്തി നിൽക്കുന്നു. ഇന്ത്യയിലെ 70 ശതമാനം മാധ്യമങ്ങളും ഒരേ സ്വഭാവമുള്ള കോർപ്പറേറ്റ് ഭീമൻമാരുടെ ഉടമസ്ഥതയിലാണ് നയിക്കുന്നത്. അതിനാൽ തന്നെ ശബ്ദമില്ലത്തവരുടെ ശബ്ദമാകാൻ ഇന്ന് ഏറിയകൂറും മാധ്യമങ്ങൾക്ക് കഴിയുന്നില്ലെന്നും അരുൺ കുമാർ പറഞ്ഞു.
സദസിൽ നിന്നും ഉയർന്നുവന്ന ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി.
Leader Page
വിജ്ഞാനാധിഷ്ഠിത വികസനത്തിന്റെ നവകേരളത്തിലേക്കുള്ള ചുവടുവയ്പുകളുമായി നാം ഒരു പുതിയ വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. സമൃദ്ധിയുടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ വെളിച്ചം വീശുന്ന കാലമാണിത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കേരളം സാക്ഷ്യം വഹിക്കുന്നത് വലിയ മാറ്റങ്ങൾക്കാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നേതൃത്വത്തിൽ വികസനത്തിന്റെയും സാമൂഹ്യസുരക്ഷയുടെയും ഉൾപ്പെടെ എല്ലാ രംഗത്തും ലോകശ്രദ്ധ ആകർഷിക്കുന്ന ‘കേരള മാതൃക’ നാം സൃഷ്ടിച്ചു.
ജനങ്ങളുടെ ജീവിതഭാരം ലഘൂകരിക്കുക എന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിന്റെ ഭാഗമായാണ് സാമൂഹ്യസുരക്ഷാരംഗത്ത് ഗൗരവമായ ഇടപെടലുകൾ സർക്കാർ നടത്തിവരുന്നത്. സാമൂഹ്യസുരക്ഷാപെൻഷനുകൾ 2,000 രൂപയായി വർധിപ്പിച്ചത് പാവപ്പെട്ടവനോടുള്ള ഈ സർക്കാരിന്റെ കരുതലിന്റെ തെളിവാണ്. 64 ലക്ഷത്തോളം പേർക്കാണ് ഇന്ന് കൃത്യമായി പെൻഷൻ എത്തിക്കുന്നത്. ഇതിനു പുറമെ, മറ്റ് വരുമാന മാർഗങ്ങളില്ലാത്ത വീട്ടമ്മമാർക്ക് പെൻഷൻ ഉറപ്പാക്കാനുള്ള വിപ്ലവകരമായ തീരുമാനം സ്ത്രീശക്തീകരണ രംഗത്തെ സുപ്രധാന നാഴികക്കല്ലാണ്.
നാടിന്റെ ആരോഗ്യ-ശുചിത്വ പ്രവർത്തനങ്ങളിൽ രാപകൽ പണിയെടുക്കുന്ന ആശാ വർക്കർമാർ അടക്കമുള്ള സ്കീം വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചത് അവരുടെ അധ്വാനത്തിന് നൽകുന്ന അംഗീകാരമാണ്. ഒരു വശത്ത് കേന്ദ്രസർക്കാർ ജനക്ഷേമ പദ്ധതികളിൽനിന്ന് പിന്മാറുമ്പോൾ, മറുവശത്ത് സാധാരണക്കാരെ ചേർത്തുപിടിക്കുന്ന ഈ ജനപക്ഷ ബദലാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്; അതും വികസനത്തിൽ മുന്നേറ്റം സൃഷ്ടിച്ചുകൊണ്ടുതന്നെ.
കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിനുതന്നെ അദ്ഭുതമാണ്. ആർദ്രം മിഷനിലൂടെ നമ്മുടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. ഏറ്റവും ആധുനികമായ ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാരന് സൗജന്യമായി സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ നമ്മുടെ സർക്കാർ വിദ്യാലയങ്ങൾ ഹൈടെക് ആയി മാറി. പൊതുവിദ്യാലയങ്ങളിൽനിന്ന് കൊഴിഞ്ഞുപോയ കുട്ടികൾ തിരികെയെത്തുന്ന കാഴ്ചയാണ് നാം കണ്ടത്. പഠനത്തോടൊപ്പം ഇന്റേൺഷിപ്പും പ്രായോഗിക പരിശീലനവും നൽകുന്നതിലൂടെ നമ്മുടെ യുവതയെ ലോകത്തെവിടെയും മത്സരിക്കാൻ പ്രാപ്തരാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
ഒരുകാലത്ത് തകർച്ചയുടെ വക്കിലായിരുന്ന കെഎസ്ആർടിസിയെ ശാസ്ത്രീയമായ പരിഷ്കാരങ്ങളിലൂടെ ലാഭത്തിലേക്കും ജനപ്രീതിയിലേക്കും നയിക്കാൻ ഈ സർക്കാരിനു സാധിച്ചു.
കേരളം കൈവരിച്ച ഏറ്റവും വലിയ നേട്ടമാണ് അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പദവി. സ്വന്തമായി ശബ്ദിക്കാൻ പോലും കഴിയാതെ സമൂഹത്തിന്റെ അരികുകളിലേക്ക് തള്ളപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ നമുക്കു സാധിച്ചു.
പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബായി കേരളം മാറുകയാണ്. ‘നിക്ഷേപസൗഹൃദ കേരളം’ എന്നത് കേവലം ഒരു മുദ്രാവാക്യമല്ല; മറിച്ച്, പ്രായോഗികമായ യാഥാർഥ്യമാണ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ കേരളം കൈവരിച്ച മുന്നേറ്റം രാജ്യത്തിനുതന്നെ മാതൃകയാണ്. വ്യവസായ കുതിപ്പിന് കരുത്തു പകരുന്നത് കേരളത്തിലെ മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ്. ലോകത്തിലെതന്നെ മികച്ച സ്റ്റാർട്ടപ്പ് കേന്ദ്രങ്ങളിലൊന്നായി കേരളം ഇന്നു മാറിയിരിക്കുന്നു.
കേരളത്തെ സാമ്പത്തികമായി തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ഭരണഘടനാപരമായി ലഭിക്കേണ്ട സഹായങ്ങൾ വെട്ടിക്കുറച്ചും വായ്പാപരിധിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. എന്നിട്ടും കേരളം തകരാതെ പിടിച്ചുനിൽക്കുന്നു. തനത് വരുമാനം വർധിപ്പിക്കുന്നു.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥ പതിനഞ്ച് വർഷംകൊണ്ട് മൂന്നര മടങ്ങ് വളർന്നിരിക്കുന്നു. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം 2011-12ലെ 3.64 ലക്ഷം കോടി രൂപയിൽനിന്ന് 2024-25ൽ 12.49 ലക്ഷം കോടി രൂപയായാണ് വളർന്നിരിക്കുന്നത്.
കേരളത്തിന്റെ കടം കുറയുകയാണെന്നും രാജ്യത്തെ സംസ്ഥാനങ്ങളിൽ കടത്തിന്റെ കണക്കിൽ പതിനഞ്ചാം സ്ഥാനത്ത് മാത്രമാണ് കേരളം എന്നുമുള്ള രേഖകളും കേന്ദ്രസർക്കാർതന്നെ ഔദ്യോഗികമായി പുറത്തുവിട്ടു. സംസ്ഥാനങ്ങളുടെ പ്രതിശീർഷ വരുമാനത്തിന്റെ കണക്കിൽ പതിനൊന്നാം സ്ഥാനത്തു നിന്ന് ഏഴാം സ്ഥാനത്തേക്ക് കേരളം ഉയർന്നതു സംബന്ധിച്ച വാർത്തകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നു.
എല്ലാവർക്കും വീട് എന്ന ലക്ഷ്യം ലൈഫ് മിഷനിലൂടെ നാം സാക്ഷാത്കരിക്കുകയാണ്. ഇതുവരെ നാലേമുക്കാൽ ലക്ഷത്തോളം കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകൾ ലഭിച്ചു. കേന്ദ്രവിഹിതം തുലോം കുറവായിരുന്നിട്ടും സംസ്ഥാന സർക്കാർ തന്നെ മുൻകൈയെടുത്ത് പാവപ്പെട്ടവന്റെ സ്വപ്നം യാഥാർഥ്യമാക്കി.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ അതിജീവിതർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൽ 200 വീടുകളുടെ കോൺക്രീറ്റ് പൂർത്തിയായി. കൽപ്പറ്റ നഗരത്തിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ മുഴുവൻ ഗുണഭോക്തൃ കുടുംബങ്ങൾക്കുമുള്ള വീടുകളുടെ കോൺക്രീറ്റ് ജനുവരി 15നു മുമ്പ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അധികാരത്തിനുവേണ്ടി വർഗീയശക്തികളുമായി സന്ധി ചെയ്യുന്ന അവസരവാദ രാഷ്ട്രീയത്തിനല്ല; മറിച്ച്, എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന ജനപക്ഷ ബദലിനാണ് ഈ കാലഘട്ടത്തിൽ പ്രസക്തി. ഇതാണ് ഈ സർക്കാരിന്റെയും നിലപാട്. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വർഗീയ സംഘർഷങ്ങളോ, ന്യൂനപക്ഷ വേട്ടയോ ഇല്ലാത്ത സംസ്ഥാനമായി കേരളം നിലനിൽക്കുന്നത്.
നവകേരള നിർമിതിക്കു വേഗം കൂട്ടാനും മതനിരപേക്ഷ കേരളത്തെ കൂടുതൽ കരുത്തോടെ കാത്തുസൂക്ഷിക്കാനും ഇടതുപക്ഷ സർക്കാരിന്റെ ജനപക്ഷ ബദലുകൾ തുടരേണ്ടതുണ്ട്. നാളത്തെ കേരളം എങ്ങനെയായിരിക്കണം എന്നതിന് കൃത്യമായ ഒരു വികസന രൂപരേഖ സർക്കാരിനുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ‘വിഷൻ 2031’.
വരും വർഷങ്ങളിൽ കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം ഇരട്ടിയാക്കാനും ഓരോ കുടുംബത്തിന്റെയും ജീവിതനിലവാരം വികസിത രാഷ്ട്രങ്ങൾക്ക് സമാനമാക്കാനുമാണ് നാം ലക്ഷ്യമിടുന്നത്. കൃത്രിമ ബുദ്ധി, ഡാറ്റ സയൻസ് തുടങ്ങിയ നവീന സാങ്കേതികവിദ്യകളിൽ കേരളത്തെ ആഗോള കേന്ദ്രമാക്കുക, ഉന്നതവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക, കാർഷിക-വ്യവസായ മേഖലകളിൽ മൂല്യവർധിത ഉത്പന്നങ്ങളുടെ വിപ്ലവം സൃഷ്ടിക്കുക എന്നിവയാണ് വിഷൻ 2031ലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
നാടിന്റെ ഭാവി വികസനത്തിനുള്ള നിർദേശങ്ങളും ആശയങ്ങളും പൊതുജനങ്ങളിൽനിന്നു സ്വരൂപിക്കുന്നതിനായി സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം എന്നൊരു പദ്ധതി ഇന്നുമുതൽ ആരംഭിക്കുകയാണ്. ഓരോ പ്രദേശത്തിന്റെയും വികസന ആവശ്യങ്ങൾ മനസിലാക്കി അവിടങ്ങളിൽ അനുയോജ്യമായ വികസനം എത്തിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ, പദ്ധതികൾ എന്നിവയിൽ ജനകീയ അഭിപ്രായം രൂപീകരിക്കുന്നതിനും ക്ഷേമപ്രവർത്തനങ്ങൾ എല്ലാ പ്രദേശങ്ങളിലും ആവശ്യകതയ്ക്കനുസരിച്ച് ലഭ്യമായോ എന്ന കാര്യത്തിൽ അഭിപ്രായം തേടുന്നതിനും ഈ പദ്ധതി സഹായകമാണ്. നവകേരള സൃഷ്ടിക്ക് കരുത്തുപകരുന്ന ഈ പദ്ധതിയോട് പൊതുസമൂഹമാകെ നല്ല നിലയിൽ സഹകരിക്കണം.
ജാതിക്കും മതത്തിനുമപ്പുറം മനുഷ്യർ എന്ന നിലയിൽ ഒരുമയോടെ പുതിയ വർഷത്തിലേക്ക് നമുക്ക് നീങ്ങാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.
Kerala
കോട്ടയം: സംസ്ഥാന സര്ക്കാരിന് വികസനം ഫയലിലും പ്രഖ്യാപനങ്ങളിലും മാത്രമേയുള്ളൂ എന്നതിനു തെളിവായി ശബരി റെയില്വേ നിര്മാണ പദ്ധതിയും അവതാവളത്തില്. പൊന്നുംവില കൊടുത്ത് സ്ഥലം ഏറ്റെടുക്കാന് പണമില്ലാത്തതിനാല് സ്പെഷല് ലാന്ഡ് അക്വിസിഷന് ഓഫീസുകള് തുറക്കുന്നതുള്പ്പെടെ അന്തിമഘട്ടം നടപടികളില്നിന്ന് സര്ക്കാര് പിന്തിരിഞ്ഞു.
ആവശ്യമുള്ള സ്ഥലം ഏറ്റെടുത്തുകൊടുക്കാതെ നിര്മാണത്തിന് തയാറല്ലെന്ന് കേന്ദ്ര റെയില് മന്ത്രാലയം അടുത്തയിടെയും ആവര്ത്തിച്ചിരുന്നു. വിശദമായ പഠനത്തിനുശേഷം സ്ഥലം ഏറ്റെടുക്കല് സംബന്ധിച്ച അനുകൂല റിപ്പോര്ട്ട് കോട്ടയം, എറണാകുളം, ഇടുക്കി ജില്ലാ കളക്ടര്മാര് സംസ്ഥാന സര്ക്കാരിനു നല്കിയിട്ട് മൂന്നു മാസമായി.
കാലടി മുതല് രാമപുരംവരെ കല്ലിട്ടു വേര്തിരിച്ച സ്ഥലം വിലയ്ക്കു വാങ്ങാനുള്ള സാമ്പത്തിക ഭദ്രതയില്ലാത്തതിനാല് ശബരി റെയില്വേ ഫയല് മടക്കാനുള്ള നീക്കത്തിലാണ് സര്ക്കാര്. പദ്ധതി വീണ്ടും അനിശ്ചിതത്വത്തിലായതോടെ സ്ഥലം വിട്ടുകൊടുക്കാന് നിര്ബന്ധിതരായ പ്രദേശവാസികളാണ് കാല്നൂറ്റാണ്ടായി ആശങ്കയില് കഴിയുന്നത്. കല്ലിട്ടു തിരിച്ച സ്ഥലം വില്ക്കാനോ കൈമാറ്റം ചെയ്യാനോ നിര്മാണം നടത്താനോ സാധിക്കാതെ നൂറുകണക്കിനു പേരാണ് പദ്ധതിയുടെ ഇരയായി മാറിയത്.
പലയിടങ്ങളിലും തോട്ടങ്ങളും പുരയിടങ്ങളും രണ്ടായി ഭാഗിച്ചാണ് റെയില്പ്പാളം കടന്നുപോകുന്നത്. ഇത്തരത്തിലുള്ള സ്ഥലം വിറ്റഴിക്കാന് സാധിക്കാതെ വന്നവരും പലരാണ്. ഇരുപത്തെട്ടു വര്ഷം മുന്പ് നിര്മാണ അനുമതി ലഭിച്ച ശബരി പാത സംസ്ഥാന സര്ക്കാരുകളുടെ അനാസ്ഥമൂലമാണ് ഇഴഞ്ഞത്. ഇതോടകം അങ്കമാലി-എരുമേലി 111 കി.മീ. പാതയില് അങ്കമാലി-കാലടി ഏഴു കി.മീ. പാതയും കാലടി പാലവും മാത്രമാണു പൂര്ത്തിയായത്. കാലടിയില്നിന്ന് രാമപുരം വരെ സ്ഥലം അളന്നുതിരിച്ചു. രാമപുരം-എരുമേലി പാതയുടെ അന്തിമ അലൈന്മെന്റു പോലും വ്യക്തമായിട്ടില്ല.
ശബരി റെയില്വേ നിര്മാണത്തിന് ആകെ 416 ഹെക്ടര് ഭൂമി വേണ്ടതില് 24 ഹെക്ടര് മാത്രമാണ് ഏറ്റെടുത്തത്. കേന്ദ്ര സര്ക്കാര് എട്ടു ബജറ്റുകളില് ശബരി പദ്ധതിക്ക് അനുവദിച്ച വിഹിതം അപ്പാടെ ലാപ്സായി. ഇടുക്കി ജില്ലാ റെയില്വേ ഭൂപടത്തില് ഇടംപിടിക്കുമെന്ന പ്രതീക്ഷയും ഇതോടെ ഇല്ലാതായി.
Kerala
കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ-സര്ക്കാര് ആശുപത്രികളില് ഏകീകൃത ചികിത്സാനിരക്ക് നിര്ണയ സംവിധാനം കൊണ്ടുവരുന്നതിന്റെ സാധ്യതകള് പഠിക്കാന് സര്ക്കാര് വിദഗ്ധ സമിതിയെ നിയോഗിച്ചു.
എല്ലാവര്ക്കും ആരോഗ്യ പരിരക്ഷ (യൂണിവേഴ്സല് ഹെല്ത്ത് കവറേജ്) ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആശുപത്രികളിലെ ചികിത്സാ നിരക്കുകള് തോന്നിയപോലെയാണെന്ന ആക്ഷേപം വ്യാപകമായതിനെത്തുടര്ന്നാണ് എകീകൃത ചികിത്സാ നിരക്ക് നിര്ണയം സാധ്യമാണോയെന്നു പഠിക്കാന് വിദഗ്ധ സമിതിയെ നിയോഗിച്ചത്.
ഇക്കഴിഞ്ഞ നവംബര് അഞ്ചിനു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന ഉന്നതതല യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു സമിതി രൂപവത്കരിച്ചത്. സമിതി പഠനം പൂര്ത്തിയാക്കി ഒരു മാസത്തിനുള്ളില് സര്ക്കാരിന് റിപ്പോര്ട്ട് സമര്പ്പിക്കണം.
ആരോഗ്യ വകുപ്പ് അഡീഷണല് സെക്രട്ടറി ഷീബ ജോര്ജാണ് വിദഗ്ധ സമിതിയുടെ അധ്യക്ഷ. സ്റ്റേറ്റ് ഹെല്ത്ത് ഏജന്സി എക്സിക്യൂട്ടീവ് ഡയറക്ടറാണ് സമിതിയുടെ കോ ചെയര്പേഴ്സണ്. സ്റ്റേറ്റ് ക്ലിനിക്കല് എസ്റ്റാബ്ലിഷ്മെന്റ് കൗണ്സില് സെക്രട്ടറിയാണ് സമിതിയുടെ കണ്വീനര്.
ആരോഗ്യ വകുപ്പ് ഡയറക്ടര്, മെഡിക്കല് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര് എന്നിവര്ക്കു പുറമെ ഇന്ത്യന് മെഡിക്കല് അസോസിയേഷന്, കേരള പ്രൈവറ്റ് ഹോസ്പിറ്റല് അസോസിയേഷന്, കേരള പ്രൈവറ്റ് മെഡിക്കല് കോളജ് അസോസിയേഷന്, കേരള കോ ഓപറേറ്റീവ് ഹോസ്പിറ്റല് ഫെഡറേഷന്, അച്യുതമേനോന് സെന്റര് ഫോര് ഹെല്ത്ത് സയന്സ് സ്റ്റഡീസ് എന്നിവയുടെ പ്രതിനിധികളും സമിതി അംഗങ്ങളാണ്.
കോവിഡ് കാലത്ത് ആശുപത്രികളിലെ ചികിത്സാ നിരക്കിനെതിരേ പരാതി ഉയര്ന്നപ്പോള് ആ കാലളയവിലെ ചികിത്സാനിരക്ക് ഏകീകരിച്ച് സര്ക്കാര് ഉത്തരവിറക്കിയിരുന്നു.
Business
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1,850 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഡിസംബർ 23ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്സൈറ്റ് (www.finance.kerala.gov.in) സന്ദർശിക്കുക.
Kerala
കൊച്ചി: റാഗിംഗ് നിരോധന നിയമഭേദഗതി ബില്ലിന് 45 ദിവസത്തിനകം അന്തിമരൂപം നല്കുമെന്ന് സംസ്ഥാനസര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു. കരട് ബില് നിയമ വകുപ്പില്നിന്ന് ഭരണവകുപ്പിലേക്കു കൈമാറിയിട്ടുണ്ട്.
ഫയല് മുഖ്യമന്ത്രിയുടെ അനുമതിക്കും സമര്പ്പിച്ചു. തുടര്ന്ന് മന്ത്രിസഭയില് വയ്ക്കും. അഭിപ്രായ രൂപീകരണത്തിനായി പ്രസിദ്ധീകരിച്ചശേഷം അന്തിമ രൂപം നല്കും. തുടര്ന്ന് നിയമസഭയുടെ പരിഗണയ്ക്കു വിടുമെന്നും സര്ക്കാര് വിശദീകരിച്ചു.
ഇക്കാര്യം രേഖപ്പെടുത്തിയ ജസ്റ്റീസുമാരായ നിതിന് ജാംദാര്, സി. ജയചന്ദ്രന് എന്നിവരുള്പ്പെട്ട ഡിവിഷന് ബെഞ്ച് ഹര്ജി ജനുവരി ആറിന് വീണ്ടും പരിഗണിക്കാന് മാറ്റി. നടപടികളുടെ പുരോഗതി അന്ന് അറിയിക്കണമെന്നും നിര്ദേശിച്ചിട്ടുണ്ട്.
റാഗിംഗ് തടയാന് കര്ശന നിയമനിര്മാണത്തിന് നിര്ദേശിക്കണമെന്നാവശ്യപ്പെട്ടു കേരള ലീഗല് സര്വീസസ് അഥോറിറ്റി അടക്കം നല്കിയ ഹര്ജികളാണു കോടതിയുടെ പരിഗണനയിലുള്ളത്.
National
ന്യൂഡൽഹി: കളമശേരിയിൽ എച്ച്എംടിയുടെ കൈവശമുള്ള 27 ഏക്കർ ഭൂമിയിൽ ജുഡീഷൽ സിറ്റി സ്ഥാപിക്കുന്നതിന് സുപ്രീംകോടതിയുടെ അനുമതി തേടി സംസ്ഥാനസർക്കാർ. വിഷയത്തിൽ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് എച്ച്എംടിക്കും ബന്ധപ്പെട്ടവർക്കും നോട്ടീസ് അയച്ചു.
പതിറ്റാണ്ടുകൾക്കുമുന്പ് എച്ച്എംടിക്ക് അനുവദിച്ച ഭൂമി കേരള ഭൂപരിഷ്കരണ നിയമപ്രകാരം ഏറ്റെടുക്കാൻ കഴിയില്ലെന്ന മുൻ വിധിയിൽ പരിഷ്കരണം ആവശ്യപ്പെട്ടാണു സർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്.
2023ലെ മുഖ്യമന്ത്രി-ചീഫ് ജസ്റ്റീസ് വാർഷികയോഗത്തിന്റെ തീരുമാനപ്രകാരമുള്ള നടപടികളുടെ തുടർച്ചയായാണു ജുഡീഷൽ സിറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്.
ഇതിന്റെ ഭാഗമായി നിയമവകുപ്പ് മന്ത്രി പി. രാജീവിന്റെയും ഹൈക്കോടതി ജസ്റ്റീസുമാരായ മുഹമ്മദ് മുഷ്താഖ്, ബെച്ചു കുര്യൻ തോമസ്, രാജ വിജയരാഘവൻ, സതീഷ് നൈനാൻ എന്നിവരുടെയും നേതൃത്വത്തിൽ കളമശേരിയിലെ സ്ഥലം സന്ദർശിച്ചശേഷം പദ്ധതിയുടെ വിശദാംശങ്ങൾ തയാറാക്കിയിരുന്നു.
കേരള ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷൽ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്ത് വകുപ്പ് ഇതിനോടകം തയാറാക്കിയിട്ടുണ്ട്. 27 ഏക്കർ ഭൂമിയിലായി 12 ലക്ഷത്തിലധികം ചതുരശ്ര അടി കെട്ടിടസൗകര്യമുൾപ്പെടെ രാജ്യാന്തര തലത്തിലുള്ള ആധുനികസംവിധാനങ്ങളും സൗകര്യങ്ങളുമുള്ള ജുഡീഷൽ സിറ്റിയാണു വിഭാവനം ചെയ്യുന്നത്.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിസഭ തീരുമാനം നടന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചതിനു പിന്നാലെയായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
ഇടതുമുന്നണി തീരുമാനമാണ് നടപ്പാക്കിയത്. എസ്എസ്കെ ഫണ്ട് കേരളത്തിന്റെ അവകാശമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐയുടെ സമ്മർദത്തിനു പിന്നാലെയാണ് സർക്കാർ കേന്ദ്രത്തിന് കത്തയച്ചത്. കേന്ദ്രസർക്കാരിന് കത്തയക്കണമെന്നാവശ്യപ്പെട്ട് സിപിഐ മന്ത്രിമാർ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സർക്കാർ കത്തയച്ചത്.
പിഎം ശ്രീയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പം ഉണ്ടെന്നും സംസ്ഥാനം ഉപസമിതിയെ വച്ചിട്ടുണ്ടെന്നും കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ വാക്കാൽ അറിയിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: പിഎം ശ്രീയിൽ കേന്ദ്രസർക്കാരിന് കത്തയച്ച് കേരളം. പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. സിപിഐയുടെ സമ്മർദത്തെ തുടർന്നാണ് സർക്കാരിന്റെ നടപടി.
കേന്ദ്രസർക്കാരിന് കത്തയക്കണമെന്നാവശ്യപ്പെട്ട് സിപിഐ മന്ത്രിമാർ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ നടപടി.
പിഎം ശ്രീയുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പം ഉണ്ടെന്നും സംസ്ഥാനം ഉപസമിതിയെ വച്ചിട്ടുണ്ടെന്നും കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ വാക്കാൽ അറിയിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നേരത്തെ പറഞ്ഞിരുന്നു.
ഇതുസംബന്ധിച്ച് അനുകൂലമായോ പ്രതികൂലമായോ ഒന്നും കേന്ദ്രമന്ത്രി പറഞ്ഞില്ലെന്നും ശിവൻകുട്ടി വിശദീകരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വർക്കർമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചുള്ള ഉത്തരവിറങ്ങി. നവംബർ ഒന്നു മുതൽ 8,000 രൂപ ആക്കിയാണ് ഉത്തരവ്. ഈ മാസം മുതൽ പുതുക്കിയ ഓണറേറിയം ലഭിച്ചുതുടങ്ങും.
സംസ്ഥാനത്തെ 26,125 ആശാ വർക്കർമാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവർഷം 250 കോടി രൂപ ഇതിന് ചെലവാകും.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ 266 ദിവസം നീണ്ടു നിന്ന് രാപ്പകൽ സമരം ആശാ വർക്കർമാർ അവസാനിപ്പിച്ചിരുന്നു. എന്നാല്, ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് തീരുമാനം.
National
ന്യൂഡൽഹി: പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നാലര വർഷം നടപ്പാക്കാതെ തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് പ്രഖ്യാപിക്കുന്നത് ജനങ്ങളെ വഞ്ചിക്കുന്നതിനു തുല്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ജനങ്ങളെ വിഡ്ഢികളാക്കുന്ന തന്ത്രമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും കഴിഞ്ഞദിവസത്തെ സംസ്ഥാന സർക്കാരിന്റെ ക്ഷേമപദ്ധതി പ്രഖ്യാപനത്തെക്കുറിച്ചു പ്രതികരിക്കവെ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
അഞ്ചര ലക്ഷം കോടിയോളം രൂപയുടെ കടം ജനങ്ങളുടെ തലയിൽ വച്ച ഈ സർക്കാർ ഇപ്പോൾ പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികൾക്കെല്ലാം പണം കണ്ടെത്തുന്നത് വീണ്ടും കടം വാങ്ങിക്കൂട്ടിയാണ്.
നാലര വർഷം മുന്പ് എല്ലാം ശരിയാകുമെന്ന് വാഗ്ദാനം ചെയ്തു വോട്ട് നേടിയ മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന് ഒരു മാസം മുന്പ് മാത്രം വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുന്നത് എന്തിനാണെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാർ അവകാശപ്പെടുന്ന കേരളത്തിലെ അതിദാരിദ്ര്യ നിർമാർജനം യാഥാർഥ്യമാക്കിയത് കേന്ദ്ര പദ്ധതികളിലൂടെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാർ വരുത്തിയ കാലതാമസമാണ് അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാൻ പത്തുവർഷം കേരളത്തിൽ എടുക്കാൻ കാരണമെന്നും രാജീവ് പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങൾ അതിവേഗം ദാരിദ്ര്യം നിർമാർജ്ജനം ചെയ്യുമ്പോൾ കേരള സർക്കാർ ഒന്നും ചെയ്യാതെ ഇപ്പോൾ ക്രെഡിറ്റ് എടുക്കാൻ വന്നിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ലോകബാങ്കിന്റെ കണക്ക് അനുസരിച്ച് ഇന്ത്യയിൽ 27 കോടി ജനങ്ങൾ അതിദാരിദ്ര്യത്തിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്. കേരളത്തിൽ 10 വർഷം കൊണ്ട് അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചത് 2.72 ലക്ഷംപേരെ മാത്രമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
District News
മലപ്പുറം : ആർഎസ്എസ് നയം കേരളത്തിൽ നടപ്പാക്കാൻ പിണറായി സർക്കാർ ശ്രമിക്കുന്നതായി പി. ഉബൈദുള്ള എംഎൽഎ ആരോപിച്ചു. മതേതര കേരളത്തിന്റെ മുഖഛായ മാറ്റാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് പിഎം ശ്രീ പദ്ധതി കൊണ്ടുവരുന്നത് അതിനാണെന്നും അതിനായി വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാനാണ് എൽഡിഎഫ് സർക്കാർ തുനിയുന്നതെന്നും അദ്ദേഹം പറഞ്ഞു. മതേതര കേരളത്തെയും സംശുദ്ധ വിദ്യാഭ്യാസ മേഖലയെയും സംരക്ഷിക്കാൻ എല്ലാവരും കൈക്കോർക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കോഡൂർ പഞ്ചായത്ത് മുസ്ലീംലീഗ് വിഷൻ 2025 ന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എൻ. കുഞ്ഞീതു അധ്യക്ഷത വഹിച്ചു. വിഷൻ 2025 കോ ഓർഡിനേറ്റർ കെ.എൻ. ഷാനവാസ്, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ഷെരീഫ് കുറ്റൂർ, പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി സി.പി. ഷാജി, ട്രഷറർ നാസർ കൊളക്കാട്ടിൽ, മണ്ഡലം മുസ്ലീം ലീഗ് ഭാരവാഹികളായ വി. മുഹമ്മദ്കുട്ടി, എം.പി. മുഹമ്മദ്, പഞ്ചായത്ത് മുസ്ലീം ലീഗ് ഭാരവാഹികളായ യൂസഫ് തറയിൽ, എം.ടി. ബഷീർ, പറവത്ത് ഉമ്മർ, നാസർ കുന്നത്ത്, വി.പി. ഹനീഫ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ടി. മുജീബ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ അധിക ജോലിഭാരം നൽകിയത് കൂടുതൽ പഠനമൊന്നും നടത്താതെയെന്ന് ആക്ഷേപം. വാർഡുകളുടെ എണ്ണം വർധിപ്പിച്ചും വിവിധ പൊതുജന സേവനങ്ങൾ ഏകോപിപ്പിച്ചും തദ്ദേശ സ്ഥാപനങ്ങളുടെ മികവ് കൂട്ടാൻ തീരുമാനിച്ച സർക്കാർ വേണ്ടത്ര ജീവനക്കാരെ നിയോഗിക്കാൻ തയ്യാറായില്ല. പൊതുജനങ്ങൾക്ക് കൂടുതൽ സേവനം ഉറപ്പുവരുത്തുമെന്ന് ലക്ഷ്യം വച്ച് ഇന്റഗ്രേഷൻ സംവിധാനം നടപ്പാക്കിയെങ്കിലും എൻജിനിയറിംഗ് വിഭാഗത്തിന്റെ ജോലിഭാരം വർധിച്ചതും പ്രശ്നമായി.
തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിൽ നടക്കുന്ന മരാമത്ത് പണികൾ, കെട്ടിടങ്ങളുടെ വാല്യൂവേഷൻ, വിവിധ വകുപ്പുകൾ നടത്തുന്ന പ്രവൃത്തികളുടെ മേൽനോട്ടവുമെല്ലാം എൻജിനിയറിംഗ് വിഭാഗത്തിന്റെ ചുമതലയാണ്. ഇതിനുപരി അങ്കണവാടികൾ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങുടെ ഫിറ്റ്നസ്, പിഡബ്യൂഡി വർക്കുകൾ എന്നു വേണ്ട ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനു വേണ്ടി മരങ്ങളുടെ വാല്യൂവേഷൻ ഉൾപ്പെടെ ഭാരിച്ച ജോലികൾ ചെയ്യേണ്ട ഗതികേടും എൻജിനിയറിംഗ് വിഭാഗത്തിന്റെ തലയിലായി.
മിക്കപഞ്ചായത്തുകളിലും ബ്ലോക്കുകളിലുമെല്ലാം പണിയെടുക്കാൻ ഒരു അസിസ്റ്റന്റ് എൻജിനിയറും രണ്ട് ഓവർസിയർമാരും ഒരു താല്കാലിക ക്ലർക്കുമാകും ഉണ്ടാവുക. ഉറക്കമില്ലാതെ രാവും പകലും പണിയെടുത്താലും തീരാത്ത ജോലിഭാരം പലരെയും മാനസികമായി തളർത്തി.
എൽഎസ്ജിഡി വിഭാഗത്തിലെ എൻജിനിയറിംഗ് വിഭാഗത്തിൽ പുതിയതായി ജോലിയിൽ പ്രവേശിച്ച നിരവധി പേർ ജോലിഭാരം കാരണം മറ്റ് ഡിപ്പാർട്ട്മെന്റുകളിലേക്ക് പോയി. അമിതമായ കൊഴിഞ്ഞുപോക്കിനെയും എൻജിനിയറിംഗ് വിഭാഗത്തിന്റെ അമിത ജോലിഭാരത്തെയും കുറിച്ച് പഠിക്കാൻ നിയോഗിച്ച സുന്ദർ കമ്മിഷൻ റിപ്പോർട്ടും അധികൃതർ മുക്കിയതായും ആരോപണമുണ്ട്.
സർക്കാർ നടപ്പാക്കുന്ന എല്ലാ പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് ജനങ്ങളിൽ എത്തിക്കുന്നത്. പുതിയ പുതിയ പദ്ധതികൾ കൊണ്ടുവരുന്നുണ്ടെങ്കിലും സാങ്കേതിക വിഭാഗത്തിൽ ജീവനക്കാരുടെ എണ്ണം ആനുപാതികമായി വർധിപ്പിക്കാൻ സർക്കാർ തയ്യാറാകാത്തതും ജീവനക്കാരുടെ ജോലിഭാരം വർധിക്കാനിടയായി.സർക്കാർ സ്റ്റാഫ് പാറ്റേൺ പുതുക്കേണ്ട കാലം കഴിഞ്ഞെന്നാണ് ജീവനക്കാരുടെ പ്രധാന പരാതി.
District News
കോതമംഗലം: കാര്ഷികമേഖലയിലെ കൊടിയ തകര്ച്ചയ്ക്ക് കാരണമാകുന്ന കര്ഷക ദ്രോഹ നയങ്ങൾ തുടരുന്ന സംസ്ഥാന കേന്ദ്ര-സര്ക്കാരുകള്ക്കെതിരെ ശക്തമായ സമരങ്ങള് സംഘടിപ്പിക്കുമെന്ന് കര്ഷക കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജൂഷ് മാത്യു.
കര്ഷകരുടെ ജീവിത തകര്ച്ചയ്ക്കും, 5,000 രൂപ പെന്ഷനും പരിഹാരം കാണാതെ പിണറായി സര്ക്കാര് ദുര്ഭരണം തടരുന്നതിനാല് കര്ഷക ശ്രദ്ധയ്ക്കായി കര്ഷക കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രചരണ ജാഥയ്ക്ക് കോതമംഗലം ചെറിയപള്ളിത്താഴത്ത് നല്കിയ സ്വീകരണ സമ്മേളനത്തില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കര്ഷക കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ മുൻ ചെയർമാൻ കെ.പി. ബാബു, യുഡിഎഫ് കൺവീനർ ഷിബു തെക്കുംപുറം, മുഹമ്മദ് പനക്കന്, പി.സി. ജോര്ജ്, പോണ്സണ് പോള്, റോയി തങ്കച്ചന്, ജെയിംസ് കോറമ്പേല് എന്നിവര് പ്രസംഗിച്ചു.
District News
എടക്കാട്ടുവയൽ : എടക്കാട്ടുവയൽ സഹകരണ ബാങ്ക് ചെത്തിക്കോട്ടിൽ മന്ദിരത്തിൽ ഓൺലൈൻ ജനസേവന കേന്ദ്രം തുടങ്ങി. ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് കെ.എസ്. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ടി.സി. രാമേന്ദ്രൻ അധ്യക്ഷനായി. മനോജ് ജോസഫ്, കെ.എ. ജയരാജ് എന്നിവർ സംസാരിച്ചു.
District News
അയിരൂർ: പത്തനംതിട്ട ജില്ലാ കുടുംബശ്രീ മിഷനും വ്യവസായ വകുപ്പും സംയോജിച്ച് നടപ്പിലാക്കുന്ന ഷീ റൈസ് പദ്ധതിയുടെ പരിശീലന കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു.
അയിരൂർ പഞ്ചായത്തിൽ സ്കിൽ ട്രെയിനിംഗ് സെന്റർ ഉദ്ഘാടനം വാളൻപടി വൈഎംസിഎ ഹാളിൽ പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു.
റാന്നി, വടശേരിക്കര പഴവങ്ങാടി, റാന്നി അങ്ങാടി, വെച്ചൂച്ചിറ, അയിരൂർ , പെരുനാട്, കോട്ടാങ്ങൽ, ചിറ്റാർ, നാറാണംമൂഴി , കൊറ്റനാട് എന്നിവിടങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു.
ജില്ലാ കുടുംബശ്രീ മിഷന്റെ സാമ്പത്തിക സഹായത്തോടെ എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി റാന്നി നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ടെയ് ലറിംഗ്, ഫാഷൻ ഡിസൈനിംഗ് കോഴ്സുകളാണ് ആരംഭിച്ചിട്ടുള്ളത്. 30 പേരടങ്ങുന്ന ഒരു ബാച്ചിന് 42 ദിവസമാണ് ക്ലാസുകൾ.
കുടുംബശ്രീ അംഗങ്ങൾ, കുടുംബശ്രീ കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് പങ്കെടുക്കാം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സഹായവും പദ്ധതി മുഖേന ലഭ്യമാക്കും. റാന്നി നിയോജകമണ്ഡലത്തിലെ എല്ലാ കുടുംബത്തിലുമുള്ള ഒരാൾക്ക് തൊഴിൽ വൈദഗ്ധ്യ പരിശീലനത്തിലൂടെ വരുമാനം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് എംഎൽഎ പറഞ്ഞു.
കുടുംബശ്രീ ബ്ലോക്ക് കോഓർഡിനേറ്റർ രഞ്ജിത സുകുമാരൻ,സിഡിഎസ് ചെയർപേഴ്സൺ ശോഭന പ്രകാശ്, അയിരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിന്റ് വിക്രമൻ നാരായണൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സാം കുട്ടി അയ്യക്കാവിൽ, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ബി. ജയശ്രീ, പഞ്ചായത്ത് മെംബർ അംബുജാഭായി, വ്യവസായ വകുപ്പ് ബിഡിഎസ്പി അഞ്ചു മുരുകൻ, ഏക്സാത്ത് ഏജൻസി കോർഡിനേറ്റർ പി.വി. രാജേഷ്, വൈസ് ചെയർപേഴ്സൺ ഉഷ ജി. നായർ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച സർക്കാർ നടപടി വഞ്ചനാപരമെന്ന് എഐഎസ്എഫ്. സർക്കാർ നടപടിക്കെതിരെ എഐഎസ്എഫ് വാർത്താക്കുറിപ്പ് പുറത്തിറക്കി.
സർക്കാർ നടപടിക്കെതിരെ തെരുവിൽ സമരം നടത്തുമെന്നും എഐഎസ്എഫ് അറിയിച്ചു. ഇന്ന് രാത്രി ഓൺലൈനായി അടിയന്തര നേതൃയോഗം വിളിച്ച എഐഎസ്എഫ് സമരനടപടികൾ എങ്ങനെ വേണമെന്നതിൽ ചർച്ച നടത്തും.
ഇടത് മുന്നണിയുടെ പ്രഖ്യാപിതനയത്തെ അട്ടിമറിച്ച് മുന്നോട്ട് പോകാനാകുമെന്ന് വിദ്യാഭ്യാസമന്ത്രി കരുതേണ്ടെന്നും എഐഎസ്എഫ് മുന്നറിയിപ്പ് നൽകുന്നു. സംഘപരിവാർ അജണ്ടയ്ക്ക് എതിരെയുള്ള പോരാട്ടങ്ങളെ ദുർബലപ്പെടുത്തുന്ന നിലപാടാണ് വിദ്യാഭ്യാസവകുപ്പിന്റേത് എന്നാണ് എഐഎസ്എഫ് ആരോപിക്കുന്നത്.
സർക്കാരിന്റെ വിദ്യാർഥി വഞ്ചനക്കെതിരെ കടുത്ത പ്രതിഷേധങ്ങൾ കേരളത്തിന്റെ തെരുവുകളിൽ ഉയരുമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം, സെക്രട്ടറി എ. അധിൻ എന്നിവർ അറിയിച്ചു.
Kerala
തിരുവനന്തപുരം: കേരള സര്ക്കാര് സംഘപരിവാറിനു മുമ്പില് വിനീത വിധേയരായി മാറുന്നത് പ്രതിഷേധാര്ഹമെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യര്. വിഷയത്തില് എസ്എഫ്ഐ, സംസ്ഥാന സര്ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സമരം ചെയ്യാന് തയാറാകുമോയെന്നും അദ്ദേഹംചോദിച്ചു.
സിപിഐ അടക്കമുള്ള സ്വന്തം മുന്നണിയിലെ പാര്ട്ടികളുടെ എതിര്പ്പിനെ മറികടന്നുള്ള ഇത്തരം തീരുമാനത്തിലൂടെ സംഘപരിവാറിനെ പ്രീതിപ്പെടുത്താനാണ് സംസ്ഥാന സര്ക്കാര് ശ്രമിക്കുന്നതെന്നും അലോഷ്യസ് സേവ്യര് കുറ്റപ്പെടുത്തി.
കേന്ദ്രത്തിന്റെ ബ്രാന്ഡിംഗിന് വഴങ്ങുന്നതാണ് സംസ്ഥാന സര്ക്കാരിന്റെ പുതിയ തീരുമാനം. അയല് സംസ്ഥാനങ്ങളായ തമിഴ്നാട്, കര്ണ്ണാടക അടക്കമുള്ള അയല് സംസ്ഥാനങ്ങള് സംഘപരിവാര് ക്യാമ്പയ്ന് എതിര്പ്പ് പ്രകടിപ്പിച്ച് നിലകൊള്ളുമ്പോള് കേരള സര്ക്കാര് സംഘപരിവാറിനു മുമ്പില് വിനീത വിധേയരായി മാറുന്നത് പ്രതിഷേധാര്ഹമാണെന്നും അലോഷ്യസ് സേവ്യര് വ്യക്തമാക്കി.
District News
ആലപ്പുഴ: ശബരിമല സ്വര്ണപ്പാളി വിവാദത്തില് പ്രതികരണവുമായി മുൻ ദേവസ്വം മന്ത്രി ജി. സുധാകരന്. കേരളം എല്ലാത്തിലും നമ്പര് വണ്ണാണെന്ന് മത്സരിച്ച് പറഞ്ഞു കൊണ്ടിരിക്കുകയാണ്. അങ്ങനെ എപ്പോഴും പറയുന്നതു കൊണ്ടായില്ല. ശബരിമലയിലെ സ്വര്ണപ്പാളി മോഷ്ടിച്ചു കൊണ്ടുപോയി. അതിലും നമ്മള് നമ്പര് വൺ ആണോ എന്നും ജി. സുധാകരൻ ചോദിച്ചു.
കെപിസിസി സാംസ്കാര സാഹിതി വേദിയിൽ "സംസ്കാരവും രാഷ്ട്രീയവും ഇന്ന് നാളെ' എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴാണ് സുധാകരൻ സംസ്ഥാന സർക്കാരിനെതിരെയുള്ള വിമർശനം നടത്തിയത്.
"എല്ലാവരും ആവർത്തിച്ച് നമ്മൾ നമ്പർ വൺ ആണെന്ന് പറയുകയാണ്. ചില കാര്യങ്ങളിൽ നമ്പർ വൺ ആണെന്നത് ശരിയാണ്. എന്നാൽ എല്ലാ കാര്യങ്ങളിലും നമ്പർ വൺ ആയാൽ എല്ലാം പൂർണമായി എന്നാണ്. എല്ലാകാര്യങ്ങളിലും പൂർണമായാൽ പിന്നെ മുന്നോട്ട് പോകേണ്ടതില്ലല്ലോ എന്നും സുധാകരൻ പറഞ്ഞു.
സ്വർണപ്പാളി മോഷണം അടക്കമുള്ള പല വൃത്തികെടുകളിലും നമ്മൾ ഒന്നാമതാണ്. സ്വർണപ്പാളി കേരളം ഒന്നാമതാണോ എന്നും സുധാകരൻ ചോദിച്ചു. സ്വർണപ്പാളി മോഷണത്തിൽ സിപിഎമ്മും കോൺഗ്രസും താനും അടക്കം പലരും പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
District News
തിരുവനന്തപുരം: സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റീസിന് നേരെ ചീറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ്ക്കു നേരെ കോടതി മുറിയിൽ നടന്ന അക്രമശ്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് ഒരു അഭിഭാഷക വേഷധാരി ഷൂ എറിയാനാഞ്ഞത് എന്നാണ് റിപ്പോർട്ട്. നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി ഈ അതിക്രമത്തെ ചുരുക്കി കാണാൻ കഴിയില്ല.
സംഘപരിവാറിന്റെ വിഷലിപ്തമായ വർഗീയ പ്രചാരണമാണ് അപകടകരമായ ഈ മാനസിക നിലയിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നത്. വെറുപ്പും അപര വിദ്വേഷവും ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉൽപ്പന്നങ്ങളാണ് പരമോന്നത കോടതിക്കകത്ത് പോലും ഉണ്ടാകുന്ന ഇത്തരം കടന്നാക്രമണങ്ങൾ.
ആർഎസ്എസും അതിന്റെ പരിവാരവും നൂറു വർഷംകൊണ്ടു സൃഷ്ടിച്ചുവച്ച അസഹിഷ്ണുതയാണ് ഇതിന്റെ ഇന്ധനം. മഹാത്മാ ഗാന്ധിക്കു നേരെ നിറയൊഴിക്കാൻ മടിച്ചിട്ടില്ലാത്ത വർഗീയ ഭ്രാന്തിന് ഒട്ടും കുറവു വന്നിട്ടില്ല എന്ന് ഓർമിപ്പിക്കുന്ന സംഭവമാണ് സുപ്രീംകോടതിയിൽ ഇന്നുണ്ടായത്.
ഒറ്റപ്പെട്ട അക്രമ സംഭവമോ സമനില തെറ്റിയ വ്യക്തിയുടെ വിക്രിയയോ ആയി ഇതിനെ നിസാരവൽക്കരിക്കാനാവില്ല. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന അക്രമോത്സുകമായ രാഷ്ട്രീയത്തെ തന്നെയാണ് പരിശോധിക്കേണ്ടതും തുറന്നുകാട്ടേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: അഭിനയം തനിക്ക് അനായസമായ ഒരു കാര്യമല്ലെന്ന് മോഹൻലാൽ. ഒരു കാഥാപാത്രത്തിൽനിന്നും മറ്റൊന്നിലേക്ക് മാറുന്പോൾ ദൈവമേ എന്ന് മനസിൽ വിളിച്ചുകൊണ്ട് മാത്രമേ ഇപ്പോഴും താൻ കാമറയ്ക്കു മുന്നിൽ എത്താറുള്ളു. എനിക്ക് ഇത് ചെയ്യാൻ സാധിക്കണമേ എന്ന പ്രാർഥന എപ്പോഴും ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദാദാസാഹേബ് ഫാൽക്കേ പുരസ്കാര നേട്ടത്തിന് സംസ്ഥാന സർക്കാർ നൽകിയ ആദരം ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു മോഹൻലാൽ. കാണുന്നവർക്ക് താൻ അനായാസമായി അഭിനയിക്കുന്നുവെന്ന് തോന്നുന്നുണ്ടെങ്കിൽ അത് തനിക്ക് പോലും അറിയാത്ത ഇതുവരെ തിരിച്ചറിയാനാകാത്ത ഏതോ ശക്തിയുടെ അനുഗ്രഹം കൊണ്ടാണ് സാധിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു.
ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നതെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടമാണ് ഇതെന്നും, ശതാബ്ദിയോട് അടുത്ത മലയാള സിനിമയിൽ അരനൂറ്റാണ്ടോളമായി മോഹൻലാൽ നിറഞ്ഞാടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിത്യജീവിതത്തിൽ മോഹൻലാലായി പോവുക മലയാളിക്ക് ശീലം. മോഹൻലാൽ മലയാളിയുടെ അപര വ്യക്തിത്വം. ഇന്നത്തെ യുവനടന്മാർ ഒരു വർഷത്തിൽ ചെയ്യുന്നത് മൂന്നോ നാലോ സിനിമകളിൽ മാത്രം അഭിനയിക്കുന്നു, മോഹൻലാൽ 34 സിനിമയിൽ വരെ ഒരു വർഷം അഭിനയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മോഹൻലാലിലൂടെ മലയാളം വാനോളം ഉയർന്നുവെന്നും, കേരളം ഒന്നടങ്കം ലാൽ സലാം പറയുന്നുവെന്ന് സാംസ്കാരികമന്ത്രി സജി ചെറിയാനും പരാമർശിച്ചു. ഭരത് മോഹന്ലാലിലൂടെ വാനോളമാണ് മലയാളം ഉയര്ന്നത്. അതുകൊണ്ടാണ് സിനിമക്കുള്ള സമഗ്ര സംഭാവനക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാല്ക്കെ അവാര്ഡ് നേടിയ മോഹന്ലാലിനോട് കേരളം ഒന്നടങ്കം ലാല്സലാം എന്ന് പറയുന്നതെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
District News
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബംപര് ലോട്ടറി നറുക്കെടുത്തു. TH 577825 നന്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഇതേ നമ്പറിലെ മറ്റു സീരീസുകള്ക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും.
ഒന്നാം സമ്മാനമായ 25 കോടി രൂപയ്ക്ക് പുറമെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്ക്കും തിരുവോണം ബംപര് വാഗ്ദാനം ചെയ്യുന്നു.
മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്ക്കും നല്കുന്നു. കൂടാതെ 5,000 മുതല് 500 രൂപ വരെയും സമ്മാനമായി ലഭിക്കും.
തിരുവനന്തപുരം ഗോര്ഖി ഭവനിലെ നറുക്കെടുപ്പ് നടക്കുന്നത്. ധനകാര്യമന്ത്രി കെ എന് ബാലഗോപാല് ഉള്പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്.
തിരുവോണം ബംപറിന്റെ 75 ലക്ഷം ടിക്കറ്റുകളായിരുന്നു അച്ചടിച്ചത്. ഇവയെല്ലാം ഏജന്സികള്ക്ക് വിറ്റുകഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. സെപ്റ്റംബർ 27ന് നടത്താൻ നിശ്ചയിച്ചിരുന്ന നറുക്കെടുപ്പാണ് ഇന്നത്തേക്ക് മാറ്റിയത്.
അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും ഏജന്റുമാരുടേയും വിൽപ്പനക്കാരുടേയും അഭ്യർഥന പരിഗണിച്ചാണ് ഇന്നത്തേക്ക് നറുക്കെടുപ്പ് മാറ്റിയത്.
District News
തിരുവനന്തപുരം: ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിനോദസഞ്ചാരിയെ വാട്ടർ സ്പോർട്സ് ജീവനക്കാർ മർദിച്ചെന്നാണ് പരാതി. ഗ്രീക്ക് പൗരൻ റോബർട്ടിനാണ് സാരമായി പരിക്കേറ്റത്.
രാവിലെ ഒൻപതിനാണ് സംഭവം. കഴിഞ്ഞ ദിവസം വിദേശിയുടെ മൊബൈൽ ഫോൺ ബീച്ചിൽ നഷ്ടപ്പെട്ടിരുന്നു. ഇത് അന്വേഷിച്ച് വിദേശി ബീച്ചിൽ എത്തുകയും പിന്നീട് കടലിൽ കുളിക്കാൻ ഇറങ്ങുകയും ചെയ്തു.
എന്നാൽ ഇത് വാട്ടർ സ്പോർട്സ് നടത്തിപ്പുകാരായ തൊഴിലാളികൾ തടഞ്ഞു. പിന്നീട് വാക്കേറ്റം ഉണ്ടാകുകയും വിദേശിയെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. കടലിലും മണലിലുമിട്ട് വിദേശിയെ മർദിച്ച് വലിച്ചിഴച്ചു. പാപനാശം പോലീസ് എയ്ഡ് പോസ്റ്റിന്റെ മുന്നിലിട്ടും മർദിച്ചു. നാട്ടുകാർ ഇടപെട്ടതോടെ സംഘം പിന്മാറുകയായിരുന്നു.
ടൂറിസം പോലീസെത്തി വിദേശിയെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ കണ്ണിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. പോലീസിൽ പരാതി നൽകുമെന്ന് റോബർട്ട് പ്രതികരിച്ചു.
Kerala
ന്യൂഡൽഹി: രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയിൽ ഇന്ന് അന്തിമ വാദം നടക്കും. ഇന്ന് ഉച്ചയ്ക്ക് വാദം പൂർത്തിയാക്കി റിപ്പോർട്ടിനായി മാറ്റും.
നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണറുടെ പക്കൽ വർഷങ്ങളായി കെട്ടിക്കിടക്കുന്പോൾ സംസ്ഥാനങ്ങൾ തെറ്റായി മുറവിളി കൂട്ടുകയാണെന്ന് കേന്ദ്ര സര്ക്കാരിന് എങ്ങനെ പറയാൻ പറ്റുമെന്ന് സുപ്രീംകോടതി ബുധനാഴ്ച വിമർശിച്ചിരുന്നു.
രാഷ്ട്രപതി പരാമർശവുമായി ബന്ധപ്പെട്ട വാദത്തിനിടെ കഴിഞ്ഞ 55 വർഷത്തിനുള്ളിൽ 17,000 ബില്ലുകൾക്ക് അനുമതി നൽകിയപ്പോൾ വെറും 20 ബില്ലുകൾ തടഞ്ഞുവച്ചതിന് സംസ്ഥാനങ്ങൾ തെറ്റായ മുറവിളി കൂട്ടുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
ബിൽ തയാറാക്കുന്പോൾത്തന്നെ ഗവർണർക്ക് അതിൽ വിയോജിപ്പ് അറിയിക്കാൻ സാഹചര്യമുണ്ട്. എന്നാൽ പാസാക്കിയ ശേഷം ബിൽ ഗവർണറുടെ അടുത്തേക്ക് വരുന്പോൾ അദ്ദേഹം സമ്മതിക്കില്ലെന്ന് പറയുകയാണെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റീസ് നരസിംഹ ചൂണ്ടിക്കാട്ടി.
ഭരണഘടനപ്രകാരം ബിൽ തടഞ്ഞുവയ്ക്കാൻ സാധിക്കില്ല. അത് അംഗീകരിക്കുകയോ പുനഃപരിശോധനയ്ക്കായി തിരിച്ചയയ്ക്കുകയോ ചെയ്യണം. എന്നാൽ പുനഃപരിശോധനയ് ക്കു ശേഷം ബിൽ വീണ്ടും സമർപ്പിക്കുന്പോൾ എന്തു ചെയ്യണമെന്ന കാര്യത്തിൽ ഭരണഘടന നിശബ്ദമാണെന്നും ജസ്റ്റീസ് നരസിംഹ ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിയുടെയും കേന്ദ്രത്തിന്റെയും പ്രതിനിധി, ഭരണഘടനയുടെ സംരക്ഷകൻ എന്നി നിലകളിലാണ് ഗവർണറുടെ പങ്കെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.
Kerala
ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ ഉടൻ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്ന് സുപ്രീംകോടതി. അതുവരെ താൽക്കാലിക വിസിമാർക്ക് തുടരാമെന്നും കോടതി വ്യക്തമാക്കി. വിസി നിയമനത്തിനായി ഗവർണർക്ക് വിജ്ഞാപനം ഇറക്കാം. വിസി നിയമനത്തില് രാഷ്ട്രീയം കലർത്തരുതെന്നും സർക്കാറും ഗവർണറും യോജിച്ച് പ്രവർത്തിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
തർക്കങ്ങളിൽ അനുഭവിക്കുന്നത് വിദ്യാർഥികളാണ്. വിസിമാരില്ലാതെ എങ്ങനെ സർവകലാശാല മുന്നോട്ടു പോകും. വിദ്യാഭ്യാസ വിഷയങ്ങൾ കോടതിയിലെത്തുന്നത് വേദനാജനകമാണ്. ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുളള തർക്കത്തിൽ സർവകലാശാലകളുടെ പ്രവർത്തനം സതംഭനാവസ്ഥയിലാകരുതെന്നും സുപ്രീം കോടതി പറഞ്ഞു.
കേരള സാങ്കേതിക സർവകലാശാലയിലെയും ഡിജിറ്റൽ സർവകലാശാലയിലെയും താത്കാലിക വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യംചെയ്ത് ചാൻസലറായ ഗവർണർ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ നിരീക്ഷണം.
താത്കാലിക വിസിക്ക് കാലാവധി ആറുമാസം മാത്രമെന്ന് കേരളം പറഞ്ഞു. വിസി ഓഫീസ് ഒഴിഞ്ഞ് കിടക്കുവാണോ എന്ന് കോടതി ചോദിച്ചു. വിസി നിയമനത്തിനായി ചാൻസലർ സർക്കാരുമായി കൂടിയാലോചിക്കണമെന്നും കോടതി പറഞ്ഞു.
മുമ്പ് താത്കാലിക വൈസ് ചാൻസലർമാരായിരുന്ന സിസ തോമസിനെയും ശിവപ്രസാദിനെയും വീണ്ടും താത്കാലിക വൈസ് ചാൻസലറായി നിയമിച്ച് ചാൻസലർക്ക് ഉത്തരവിറക്കാമെന്നും ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഗവർണർക്കുവേണ്ടി അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണ, അഭിഭാഷകൻ ടി.ആർ. വെങ്കിട്ട സുബ്രഹ്മണ്യം എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കോൺസൽ സി.കെ. ശശി എന്നിവരാണ് ഹാജരായത്.
Kerala
തിരുവനന്തപുരം: ജൂലൈ ഒന്നിന് തുടങ്ങുന്ന ഫയൽ അദാലത്തിനു മുൻപ് വകുപ്പുതല ക്രമീകരണം അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. കെട്ടിക്കിടക്കുന്നതും തീർപ്പാക്കേണ്ടതുമായ ഫയലുകളിൽ വേഗം തീരുമാനമെടുക്കാൻ നടത്തുന്ന അദാലത്തുമായി ബന്ധപ്പെട്ടുള്ള വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.
ഉദ്യോഗസ്ഥർക്കുള്ള ഡെലിഗേഷനും വ്യവസ്ഥകളിലെ ഭേദഗതിയും വരുത്താൻ ചീഫ് സെക്രട്ടറിതലത്തിൽ യോഗം ചേർന്ന് ശിപാർശ നൽകാനും മുഖ്യമന്ത്രി നിർദേശിച്ചു. സെക്രട്ടേറിയറ്റ്, വകുപ്പ് മേധാവിമാർ, ജനങ്ങളുമായി സന്പർക്കമുള്ള സ്ഥാപനങ്ങളിലെ ഫയലുകൾ എന്നിങ്ങനെ മൂന്നു തലങ്ങളിലാണ് ഫയൽ തീർപ്പാക്കുന്നത്.
രണ്ടു മാസം നീളുന്നതാണ് ഫയൽ അദാലത്ത്. മന്ത്രിമാരും മന്ത്രിസഭയും ഇതിന്റെ പുരോഗതി വിലയിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നടപടികൾ കാര്യക്ഷമമാക്കാൻ ഐടി വകുപ്പുമായി ആലോചിച്ച് പോർട്ടൽ ചീഫ് സെക്രട്ടറി ഏർപ്പെടുത്തണം. യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്തു.
District News
മലപ്പുറം ജില്ലയിലെ താനൂർ തീരദേശ മേഖലയിൽ തീരദേശ ഹൈവേയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്. പൂർത്തിയാകുന്നതോടെ ജില്ലയുടെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ്വേകാൻ ഈ ഹൈവേ സഹായിക്കും.
തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ താനൂർ, പരപ്പനങ്ങാടി, തിരൂർ തുടങ്ങിയ തീരദേശ പട്ടണങ്ങളെ ഇത് ബന്ധിപ്പിക്കും. ഇത് മത്സ്യബന്ധന മേഖലയ്ക്കും പ്രാദേശിക വ്യവസായങ്ങൾക്കും കൂടുതൽ സാധ്യതകൾ തുറന്നു നൽകും. കൂടാതെ, തീരദേശ മേഖലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും സാധിക്കും.
ഈ പദ്ധതി പ്രദേശത്തെ ടൂറിസം വികസനത്തിന് വലിയ സംഭാവന നൽകുമെന്നാണ് പ്രതീക്ഷ. മനോഹരമായ കാഴ്ചകളുള്ള തീരപ്രദേശങ്ങളിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ഈ ഹൈവേ ഉപകരിക്കും. ഇത് പ്രാദേശിക വരുമാനം വർദ്ധിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
Leader Page
ഐക്യരാഷ്ട്രസഭ 1989 മുതൽ മദ്യം അടക്കമുള്ള എല്ലാ ലഹരിവസ്തുക്കൾക്കും എതിരേ ലോകരാജ്യങ്ങളുടെ കൂട്ടായ പ്രവർത്തനവും സഹകരണവും ഉറപ്പാക്കുന്നതിനുവേണ്ടി എല്ലാ വർഷവും ജൂണ് 26 ലോക ലഹരിവിരുദ്ധ ദിനമായി ആചരിച്ചുവരുന്നു. ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രമേയം ‘ചങ്ങലകൾ തകർക്കുക, പ്രതിരോധം, ചികിത്സ, എല്ലാവർക്കും വീണ്ടെടുക്കൽ, ലഹരിപദാർഥങ്ങളെക്കുറിച്ചുള്ള എല്ലാ വസ്തുതകളും വിവരങ്ങളും മനസിലാക്കി പരസ്പരം പങ്കുവയ്ക്കുക, ഈ കൊടിയ വിപത്തിൽനിന്നു മനുഷ്യനെ രക്ഷിക്കുക’ എന്നതാണ്. നമ്മുടെ രാജ്യത്ത് വിവിധ സന്നദ്ധസംഘടനകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ ഈ ദിനം ആചരിച്ചുവരുന്നുണ്ട്. എന്നാൽ, ലഹരിക്കെതിരേയുള്ള പോരാട്ടം കേവലം ഒരു ദിവസത്തെ ബോധവത്കരണത്തിലും വിദ്യാർഥികൾക്കുവേണ്ടിയുള്ള ചില മത്സരങ്ങളിലും മാത്രമായി ഒതുങ്ങിപ്പോകുന്നതാണ് നമ്മുടെ അനുഭവം.
ലഹരിസാമ്രാജ്യം
ലഹരിക്കെതിരേയുള്ള ഐക്യരാഷ്ട്രസഭയുടെ ഇടപെടലുകൾ ആരംഭിച്ചിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടെങ്കിലും മദ്യ-ലഹരി മാഫിയയുടെ സ്വാധീനം ലോകമാസകലം കൂടുതൽ വേഗത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഭരണകൂടങ്ങളെ വെല്ലുവിളിച്ചുകൊണ്ട് രാഷ്ട്രീയ ഉദ്യോഗസ്ഥ-പോലീസ് സംവിധാനങ്ങളുടെ പിന്തുണയോടെ മദ്യ-മയക്കുമരുന്ന് ലോബികളുടെ സാമ്രാജ്യം അനുദിനം ലോകത്തൊട്ടാകെ പടർന്നുപന്തലിച്ചുകൊണ്ടിരിക്കുകയാണ്.
മദ്യം-മയക്കുമരുന്ന് സേവ ആരംഭിക്കുന്നതിനു പലർക്കും പല കാരണങ്ങളുണ്ട്. കിട്ടുന്നതുകൊണ്ട് എന്ന് ചിലർ വിശദീകരിക്കുന്പോൾ, കൂട്ടുകെട്ടിനുവേണ്ടി എന്നോ ആഘോഷങ്ങളിൽ പങ്കുചേരാൻവേണ്ടി മാത്രം എന്നോ ആവും മറ്റു ചിലരുടെ ന്യായീകരണം. ജീവിതത്തിന്റെ വിരസതയും അർഥമില്ലായ്മയും ഒഴിവാക്കാൻവേണ്ടിയും നിസഹായത തോന്നുന്പോഴും കുടിക്കുന്നവരുണ്ട്. മദ്യവും മയക്കുമരുന്നും ശാരീരികമായും മാനസികമായും സാന്പത്തികമായും സാമൂഹികമായും ദോഷങ്ങൾ മാത്രമേ വരുത്തൂ എന്ന സത്യം ഉപയോഗിക്കുന്നവരാരും മനസിലാക്കാൻ ശ്രമിക്കുന്നില്ലന്നുള്ളതാണ് ഖേദകരം.
മദ്യം വന്നത് ബ്രിട്ടനിൽനിന്ന്
ബ്രിട്ടീഷുകാർ ഇവിടെ ആധിപത്യം ഉറപ്പിക്കും മുന്പ് ഇന്ത്യക്കാർ പ്രായേണ മദ്യപാന ദുഃശീലം ഇല്ലാത്തവരായിരുന്നു. മദ്യത്തിൽനിന്ന് കിട്ടുന്ന നികുതി ലക്ഷ്യമാക്കി ബ്രിട്ടീഷ് ഭരണകൂടം നിരന്തരമായി മദ്യവ്യാപാരവും മദ്യപാനവും പ്രോത്സാഹിപ്പിച്ചതിന്റെ ഫലമായാണ് നമ്മുടെ രാജ്യത്ത് മദ്യപാനശീലം വേരുറച്ചതെന്ന് സർക്കാർ രേഖകളുടെ പിൻബലത്തോടെ 1930ൽ അമേരിക്കൻ സാമൂഹ്യശാസ്ത്രജ്ഞനായ ജെ.ടി. സണ്ഡർലാൻഡ് ‘ഇന്ത്യ അണ്ടർ ബോണ്ടേജ്: ഹേർ റൈറ്റ് റ്റു ഫ്രീഡം’ എന്ന പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അക്കാലത്ത് ഈ പുസ്തകം ഇന്ത്യയിൽ നിരോധിച്ചിരുന്നു. മദ്യപാനം മൂലം ഇന്ത്യക്കാർക്ക് സാന്പത്തിക, ആരോഗ്യ, സാമൂഹ്യ മണ്ഡലങ്ങളിലുണ്ടായിട്ടുള്ള അധഃപതനത്തെ ഈ ഗ്രന്ഥത്തിൽ സമഗ്രമായി വരച്ചു കാട്ടിയിട്ടുണ്ട്.
1930ൽനിന്ന് 2025ൽ എത്തിയപ്പോൾ ഇന്ത്യയും ഇന്ത്യക്കാരും മദ്യരാക്ഷസന്മാരുടെ കൈകളിൽ അമർന്നുപോയിരിക്കുന്നു എന്നു പറയേണ്ടിവരും. കോവിഡ് മഹാമാരിക്കാലത്തുപോലും മദ്യഷാപ്പുകൾ യഥേഷ്ടം പ്രവർത്തിക്കാൻ അനുവദിച്ച് മനുഷ്യരുടെ ആരോഗ്യവും രോഗപ്രതിരോധശേഷിയും തകർക്കുന്ന മദ്യവ്യാപനം സുഗമമാക്കുന്ന സർക്കാർ നടപടികൾ മദ്യലോബികൾക്ക് ഭരണകൂടങ്ങളിലുള്ള സ്വാധീനത്തിന്റെ ഏറ്റവും വലിയ തെളിവാണ്.
ലോകമാകെ ഇന്ന് ഭീതി ഉളവാക്കും വിധം വർധിച്ചുകൊണ്ടിരിക്കുന്ന മദ്യ-ലഹരി ഉപഭോഗം വലിയൊരു സാമൂഹ്യ വിപത്തായി മാറിയിരിക്കുകയാണ്. തന്മൂലം സമൂഹം, വിശേഷിച്ചും സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ദുരിതങ്ങൾ വിവരണാതീതമാണ്.
മദ്യ ഉപയോഗം വ്യാപകമാക്കാൻ എല്ലാ സൗകര്യവും ഒരുക്കിയിട്ട് സർക്കാർ ലഹരിവർജനത്തെക്കുറിച്ച് പറയുന്നത് ഏറെ വിചിത്രവും പരിഹാസ്യവുമാണ്. ലോകാരോഗ്യ സംഘടനയുടെ ആഗോള മദ്യനയത്തിന് വിരുദ്ധമാണ് സർക്കാരുകളുടെ മദ്യനയം. ലഭ്യത കുറയ്ക്കുകയാണു മദ്യവ്യാപനം തടയാൻ ആദ്യം സ്വീകരിക്കേണ്ട നടപടി എന്നാണ് അവർ പറഞ്ഞിട്ടുള്ളത്.
ലഹരിയിൽ ഒന്നാമത് കേരളമോ?
മദ്യത്തിന്റെ ജലോത്സവത്തിൽ ഇന്ന് കേരളം ഒന്നാം സ്ഥാനത്താണ്. കേരളത്തിന്റെ ആളോഹരി മദ്യ ഉപഭോഗം 12 ലിറ്റർ ആണ്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ലോകത്തിൽ ഏറ്റവും കൂടുതൽ മദ്യാസക്തിയുള്ളവരുടെ ദേശമായി കേരളം മാറിയിരിക്കുന്നു. വീര്യം കുറഞ്ഞ മദ്യത്തിൽനിന്നാണ് ഏതു കുടിയന്മാരുടെയും ആരംഭം. വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ചാൽ കേരളത്തിന്റെ മദ്യപ്രശ്നം തീരുമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഭരണകർത്താക്കളും ഇതറിയാത്തവരല്ല.
മദ്യശാലകൾ അടച്ചുപൂട്ടിയാൽ രാസലഹരി വസ്തുക്കൾ നാട്ടിലാകെ ഒഴുകും എന്ന വ്യാജപ്രചരണമാണ് പുതിയ ബാറുകളും മദ്യക്കടകളും തുറക്കാനുള്ള ന്യായീകരണമായി സർക്കാർ പറഞ്ഞത്. നൂറുകണക്കിന് ബാറുകളും മദ്യഷാപ്പുകളും തുറന്നിട്ടും മയക്കുമരുന്നു നാട്ടിലാകെ സുലഭമായി കിട്ടുന്ന അവസ്ഥ സർക്കാർ വാദം പൊള്ളയാണെന്ന് തെളിയിച്ചിരിക്കുന്നു.
ഒരു ജനപദത്തെ നശിപ്പിക്കാൻ അവരുടെ ഭാഷയെയും ഭക്ഷണശീലങ്ങളെയും തകർത്താൽ മതിയെന്ന കൊളോണിയൽ കണ്ടെത്തലിന്റെ ഉത്തമ ഉദാഹരണമായി കേരളം മാറിക്കഴിഞ്ഞു. മദ്യപാനത്തെയും മദ്യസംസ്കാരത്തെയും വഴിവിട്ട് പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന സർക്കാർ സമീപനമാണ് കുട്ടികളെയും യുവാക്കളെയും മുതിർന്നവരെയും ഒരുപോലെ മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ഭീതിപ്പെടുത്തുന്ന മദ്യവ്യാപനം
ദൂരപരിധി കുറച്ച് വിദ്യാലയങ്ങളുടെയും ആരാധനാലയങ്ങളുടെയും മുറ്റത്ത് വരെ മദ്യശാലകൾ തുടങ്ങുന്നു. നാളിതുവരെ മദ്യശാലകൾ ഇല്ലാതിരുന്ന സ്ഥലങ്ങളിലും പുതുതായി തുടങ്ങാൻ അനുമതി നൽകിക്കൊണ്ടിരിക്കുന്നു. നിയമങ്ങൾ ലഘൂകരിക്കപ്പെടുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുന്നു. പഞ്ചായത്ത്-നഗരപാലികാ നിയമപ്രകാരം മദ്യഷാപ്പുകൾക്ക് അനുമതി നൽകാനുള്ള അവകാശം പഞ്ചായത്തുകളിൽനിന്ന് എടുത്തുമാറ്റിയിരിക്കുന്നു. നാട്ടിൽ കള്ളുചെത്ത് ഇല്ലെങ്കിലും മാരകമായ വിഷവസ്തുക്കൾ ചേർത്ത് നിർമിക്കുന്ന വ്യാജകള്ള് നാടൊട്ടാകെ വിറ്റഴിക്കുന്നത് ഭരണകൂടത്തിന്റെ അറിവോടെയാണ്.
കേരളത്തെ ആര് രക്ഷിക്കും?
മദ്യത്തിലും മയക്കുമരുന്നിലും നാടു മുങ്ങുന്പോൾ വഴിയേ വന്നെത്തുന്ന സാമൂഹികപ്രശ്നങ്ങൾ നിരവധിയാണ്. നൂറുകണക്കിന് ഗാർഹിക-സാമൂഹിക പ്രശ്നങ്ങളുടെ പെറ്റമ്മയും പോറ്റമ്മയും മദ്യവും മയക്കുമരുന്നുമാണെന്ന് നമ്മുടെ സമൂഹം എന്നു തിരിച്ചറിയും?
Editorial
ഒരു കാര്യം ഉറപ്പായി, സർക്കാർ വിചാരിച്ചാൽ മാത്രമേ ഒരു നാടിനെ മദ്യത്തിലും മയക്കുമരുന്നിലും ഇതുപോലെ മുക്കാനാകൂ. അങ്ങനെ ഒരു സർക്കാർ വിചാരിച്ചാൽ നാടിനെ രക്ഷിക്കാനുള്ള മറ്റെല്ലാ ശ്രമങ്ങളും പാഴാകും. കേരളം അത്തരമൊരവസ്ഥയിലാണ്.
അവസരങ്ങൾ വർധിച്ചതോടെ ലഹരിയടിമകളും കുറ്റവാളികളുമായ മനുഷ്യർ തീർത്ത ചെറുനരകങ്ങൾ പെരുകുകയാണ്. ഇതാപത്താണെന്ന് ഒരു ലഹരിയടിമയെ പറഞ്ഞു മനസിലാക്കുന്നതിലും ക്ലേശകരമായിരിക്കുന്നു, സർക്കാരിനെ ബോധ്യപ്പെടുത്താൻ! എങ്കിലും തകർന്നടിയുന്ന ഒരു തലമുറയെ ഓർത്ത് ഈ ലഹരിവിരുദ്ധ ദിനത്തിൽ സർക്കാരിനോട് അഭ്യർഥിക്കുന്നു, തിരുത്തിയാലും.
കഴിഞ്ഞ പുതുവത്സരത്തലേന്നു മാത്രം വിറ്റത് 108 കോടി രൂപയുടെ മദ്യമാണ്. തലേ വർഷത്തെക്കാൾ ഏതാണ്ട് 13 കോടി അധികം. ക്രിസ്മസ് ഉൾപ്പെടുന്ന ഡിസംബർ 22 മുതൽ ഡിസംബർ 31 വരെ 712. 96 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷത്തേതിലും 15 കോടി അധികം. ഓണക്കാലത്ത് 818.21 കോടിയുടെ മദ്യം വിറ്റു.
ഓരോ കണക്കു വരുന്പോഴും മദ്യവിൽപ്പനയിൽ സ്വന്തം റിക്കാർഡ് തിരുത്തിയ വാർത്ത കേട്ട് സംസ്ഥാനത്തെ ഏക മദ്യവ്യാപാരിയായ സർക്കാർ ഷൈലോക്കിനെപ്പോലെ ചിരിക്കാറുണ്ട്. പക്ഷേ, അതു ചോരക്കാശാണ്; സർക്കാർ പകരം മുറിച്ചെടുത്ത കരളിൽനിന്നും ഹൃദയങ്ങളിൽനിന്നും വാർന്നൊഴികിയത്.
മദ്യവിൽപ്പനയിലെ പുതിയ കണക്കുകൾകൊണ്ടുപോലും കേരളത്തിലെ ലഹരിയുടെ ആഴമളക്കാനാകില്ല. കാരണം, മദ്യപാനത്തേക്കാൾ മാരകമായ മയക്കുമരുന്നിലേക്ക് ചുവടുതെറ്റിയവർ ലക്ഷക്കണക്കിനാണ്. രണ്ടുംകൂടി ചേർത്ത ഒരു കണക്ക് നമുക്കില്ല. വിദ്യാർഥികളും യുവാക്കളും മയക്കുമരുന്നുപയോഗിക്കുന്നതിനെക്കുറിച്ച് പഠനം നടത്തണമെന്ന് ഹൈക്കോടതി കഴിഞ്ഞ മാസമാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്.
10 വർഷത്തിനുള്ളിൽ എത്ര കേസുകൾ രജിസ്റ്റർചെയ്തു, എന്താണ് പൊതുരീതി, ഏതു മേഖലയിലാണ് മയക്കുമരുന്നുപയോഗം കുടുതൽ, ഏതു പ്രായക്കാരാണ് കൂടുതൽ ഉപയോഗിക്കുന്നത് തുടങ്ങിയ വിവരങ്ങളുൾപ്പെടുത്തിയുള്ള പഠനം അനിവാര്യമാണെന്ന് ചീഫ് ജസ്റ്റീസ് നിതിൻ ജാംദാർ, ജസ്റ്റീസ് സി. ജയചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.
മാർച്ച് 12ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ സമർപ്പിച്ച രേഖകളനുസരിച്ച്, 2024ൽ പഞ്ചാബിൽ 9,025 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ കേരളത്തിൽ 27,701 കേസുകൾ. പഞ്ചാബിലേതിന്റെ മൂന്നിരട്ടി! പഞ്ചാബിൽ പകുതി കേസുകൾപോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന സർക്കാർ വാദം സമ്മതിച്ചാൽപോലും കേരളം കുതിക്കുകയാണ്.
പഞ്ചാബിൽ മാത്രമല്ല, കേരളത്തിലും മുഴുവൻ കേസുകളും പിടിക്കപ്പെടുന്നില്ലെന്നതും മറക്കരുത്. സംസ്ഥാന എക്സൈസ് വകുപ്പ് എൻഡിപിഎസ് ആക്ട് പ്രകാരം 2016ൽ രജിസ്റ്റർ ചെയ്തത് 2,985 കേസുകളായിരുന്നെങ്കിൽ 2024ൽ ഇത് 8,160 ആയി ഉയർന്നു.
മാതാപിതാക്കളെയും സഹോദരങ്ങളെയും പോലീസുകാരെയും ഉൾപ്പെടെ നിരവധിപ്പേരെ മയക്കുമരുന്നടിമകൾ സംസ്ഥാനത്ത് കൊന്നു തള്ളി. അക്രമങ്ങൾ, മാനഭംഗങ്ങൾ, വീടുകയറി ആക്രമണങ്ങൾ... കൗമാരക്കാരിലെ അക്രമോത്സുകതയും വർധിക്കുകയാണ്. പോലീസിനും ഭയം.
പെൺകുട്ടികൾ മയക്കുമരുന്നടിമകളും വിതരണക്കാരുമായി. കുടുംബങ്ങളിലെയും നാട്ടിലെയും സമാധാനം കെട്ടു. ലഹരിയിൽ വാതിൽ തുറന്നെത്തുന്ന മക്കൾക്കും സഹോദരന്മാർക്കും മുന്നിൽ അമ്മമാരും സഹോദരിമാരും ഭയന്നുവിറയ്ക്കുകയാണ്. മുന്പെന്നത്തേക്കാളുമധികം മയക്കുമരുന്നുവേട്ട നടക്കുന്നുണ്ട്. പക്ഷേ, എവിടെയും സുലഭം.
പുതിയ ചില അവതാരങ്ങൾ വേഷംകെട്ടിയാടുന്നത് സമൂഹമാധ്യമങ്ങളിലാണ്. എളുപ്പത്തിൽ കൈയടിയും ലൈക്കും വാങ്ങാൻ സമൂഹ-കുടുംബ ഘടനകളെ തകർക്കുന്ന ഈ സമൂഹമാധ്യമ പണ്ഡിതരുടെ കണ്ടെത്തൽ മദ്യവും കഞ്ചാവും എംഡിഎംഎയും നിയമവിധേയമാക്കണമെന്നാണ്.
നാലും നാലു വഴിക്കായ സ്വന്തം കുടുംബങ്ങളുടെ അവസ്ഥയാണ് മറ്റെല്ലാ കുടുംബങ്ങളിലുമെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഈ എന്പുരാന്മാർ സൃഷ്ടിക്കാൻ ശ്രമിക്കുന്ന സമൂഹ-കുടുംബവിരുദ്ധ പൊതുബോധം, തികഞ്ഞ അരാജകത്വമാണെന്നു സർക്കാർ തിരിച്ചറിയണം. അവർക്കിനിയൊന്നും നഷ്ടപ്പെടാനില്ല.
സർക്കാർ വിദ്യാരംഭത്തിൽ നടത്തിയ, ഒരു മണിക്കൂർ ലഹരിവിരുദ്ധ ബോധവത്കരണം നല്ല തുടക്കമാണെങ്കിലും കാര്യമായ പ്രയോജനമൊന്നുമില്ലെന്നു തിരിച്ചറിഞ്ഞ് തുടർ ബോധവത്കരണം നൽകണം. കഴിഞ്ഞ ഏപ്രിലിൽ 138-ാം പിറന്നാൾദിനത്തിൽ ‘കിക് ഔട്ട്’ എന്ന പേരിൽ ദീപിക തുടങ്ങിയ ഒരു വർഷത്തെ ലഹരിവിരുദ്ധ പോരാട്ടം തുടരുകയാണ്.
സർക്കാർ ഒപ്പമുണ്ടാകണം. വീര്യം കുറഞ്ഞ കൂടുതൽ മദ്യമിറക്കിയും കുടുതൽ മദ്യനിർമാണശാലകളുണ്ടാക്കിയും ത്രീ സ്റ്റാറിനു മുകളിലുള്ള ഹോട്ടലുകളിലും റസ്റ്ററന്റുകളിലുമൊക്കെ കള്ള് ലഭ്യമാക്കിയും മദ്യസൗഹൃദ കുടുംബങ്ങളെ സൃഷ്ടിച്ചുമല്ല; മയക്കുമരുന്നിന്റെ മൊത്തവ്യാപാരികളെ കുടുക്കിയും മദ്യലഭ്യത കുറച്ചുമേ നമുക്കീ നരകത്തിൽനിന്നു കരകയറാനാകൂ.
സർക്കാർ ഇന്നു നടത്തുന്ന ലഹരിവിരുദ്ധ പ്രചാരണങ്ങൾ തുടരട്ടെ. പക്ഷേ, നിങ്ങൾ ആ സ്പിരിറ്റു കന്നാസുകൾകൂടി വലിച്ചെറിഞ്ഞിരുന്നെങ്കിൽ! ലഹരിയിരകളുടെ ചോര കൈയിൽനിന്നു കഴുകിക്കളഞ്ഞിരുന്നെങ്കിൽ!
Health
മാനസികാരോഗ്യ പ്രശ്നങ്ങൾ വർധഇച്ചുവരുന്ന സാഹചര്യത്തിൽ കേരള സർക്കാർ ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പൊതുജനങ്ങളിൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും മാനസികാരോഗ്യ സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനും പുതിയ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്.
സ്കൂൾ തലങ്ങളിൽ കൗൺസിലിംഗ് സേവനങ്ങൾ വ്യാപിപ്പിക്കുക, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മാനസികാരോഗ്യ ക്ലിനിക്കുകൾ ആരംഭിക്കുക, മാനസികാരോഗ്യ വിദഗ്ധരുടെ എണ്ണം വർധിപ്പിക്കുക തുടങ്ങിയവ ഇതിൽപ്പെടുന്നു.
മാനസികാരോഗ്യം ഒരു പ്രധാന ആരോഗ്യ വിഷയമായി കണ്ട് സമൂഹത്തിന്റെ പിന്തുണയോടെ മുന്നോട്ട് പോകാനാണ് ലക്ഷ്യമിടുന്നത്.